പാമ്പാടി: പാമ്പാടി മഞ്ഞാമറ്റം ഗോമ വുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഫാക്ടറിയിൽ നിന്നും തീ പടരുന്നത് കണ്ട് വഴിയാത്രക്കാരാണ് വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയും പാമ്പാടി പൊലീസും ചേർന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാസേന കൂടി എത്തിയതോടെയാണ് രണ്ട് മണഇക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. റബർ ഉൾപ്പെടെ വിവിധ തടികൾ എത്തിച്ചാണ് ഇവിടെ ജോലി നടന്നിരുന്നത്. ഫാക്ടറിയിലെ തടികളും യന്ത്രവും ഉൾപ്പെടെയുള്ളവ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.