പൊൻകുന്നം:നാലര പതിറ്റാണ്ടുകാലം ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്യുക എന്നത് അത്യപൂർവമായി മാത്രം ചിലർക്ക് കൈവരുന്ന സൗഭാഗ്യമാണ്. അധികമാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡുമായാണ് പൊൻകുന്നം ആർ.ടി.ഓഫീസിലെ പാർട്ട്‌ടൈം സ്വീപ്പറായ വി.ടി.മറിയം എന്ന അമ്മിണിച്ചേച്ചിയുടെ പടിയിറക്കം.
1976ലാണ് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഓഫീസ് തുടങ്ങുന്നത്.പൊൻകുന്നം പോസ്റ്റ് ഓഫീസിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. തൊട്ടടുത്തുള്ള കോഫിബോർഡിലെ പാർട്ടടൈം സ്വീപ്പറായിരുന്നു വി.ടി.മറിയം എന്ന അമ്മിണി.ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അമ്മിണി താത്ക്കാലികമായി ആർ.ടി ഓഫീസിലും സ്വീപ്പറായി.
പിന്നീട് കോഫീബോർഡ് അടച്ചുപൂട്ടിയതോടെ അമ്മിണിയുടെ ജോലി ആർ.ടി.ഓഫീസിൽ മാത്രമായി.1984ൽ സർക്കാർ അമ്മിണിയെ സ്ഥിരപ്പെടുത്തി.പല കെട്ടിടങ്ങൾ മാറിമാറി ഇപ്പോൾ പൊൻകുന്നം മിനിസിവിൽ സ്‌റ്റേഷനിലാണ് ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത്.
ഈ സർക്കാർ ഓഫീസിന്റെ സ്പന്ദനം അമ്മിണിയുടെ ഹൃദയസ്പന്ദനമാണ്. ഉദ്യോഗസ്ഥരുടേയും ഇടപാടുകാരുടേയും അമ്മിണിച്ചേച്ചി നാട്ടുകാർക്ക് ആർ.ടി.ഓഫീസിലെ അമ്മിണിച്ചേച്ചിയാണ്.വിരമിക്കുമ്പോൾ ഈ ഓഫീസിൽ ഇല്ലാതാകുന്നത് ഒരു ഇൻഫർമേഷൻ സെന്റർകൂടിയാണ്.ഉദ്യോഗസ്ഥരും ഇടപാടുകാരും ഏജന്റുമാരുമടക്കം ആർക്കെന്തു സംശയമുണ്ടെങ്കിലും അമ്മിണിച്ചേച്ചിയായിരുന്നു ആശ്രയം.
ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങളുണ്ടായി.ആദ്യം മൂത്ത മകൻ മരിച്ചു.പിന്നെ മകളുടെ ഭർത്താവ്,11 വർഷം മുമ്പ് ഭർത്താവും യാത്രയായി.എല്ലാ ദു:ഖങ്ങളും മറക്കാൻ അമ്മിണിക്ക് ധൈര്യം പകർന്നത് ആർ.ടി.ഓഫീസിലെ ഫയലുകളും ഫർണിച്ചറുമായുള്ള ആത്മബന്ധമായിരുന്നു. ഇനിയുള്ള ജീവിതം മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം.
ജോയിന്റ് ആർ.ടി.ഒ അനീന, എം.വി.ഐമാരായ അരവിന്ദ്, വേൽഗൗതം, എ.എം.വി.ഐമാരായ ശ്രീജിത്ത്, രാജേഷ് കുമാർ, എച്ച്.എ ബിന്ദുഗോപിനാഥ് ഓഫീസിലെ മറ്റ് ജീവനക്കാർ എന്നിവർ ചേർന്ന് അമ്മിണി ചേച്ചിക്ക് യാത്രയയപ്പ് നൽകി.
ചിത്രം1,വി.ടി.മറിയം എന്ന അമ്മിണിക്ക് ആർടി.ഓഫീസിൽ നൽകിയ യാത്രയയപ്പ്.
2,വി.ടി.മറിയം(അമ്മിണിച്ചേച്ചി)