ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണ്ടകൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ
കോട്ടയം: ബ്ലേഡ് മാഫിയയുടെ തണലിൽ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ അരങ്ങുവാഴുന്ന ഏറ്റുമാനൂർ ജില്ലയുടെ ക്രിമിനൽ കേന്ദ്രമായി മാറുന്നു. പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തിയത് ഉൾപ്പെടെയുള്ള ആക്രമണക്കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല പൊലീസിന്. കഞ്ചാവിന്റെയും വീര്യം കൂടിയ ലഹരി മരുന്നുകളുടെയും ഹബായും ഏറ്റുമാനൂർ മാറി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പത്തിലേറെ ചെറുതും വലുമായ ഗുണ്ടാ ആക്രമണക്കേസുകളാണ് ഏറ്റുമാനൂരിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതിരമ്പുഴയിൽ കേബിൾ ഓപ്പറേറ്ററെ അടിച്ചുവീഴ്ത്തിയ ഗുണ്ടാസംഘം ഇവിടെ ഭീകരാന്തരീഷം സൃഷ്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ തേടി അതിരമ്പുഴയിലെ കോളനിയിലെത്തിയ പൊലീസ് സംഘത്തെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥൻ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. ഇതിനു ശേഷം പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
കഞ്ചാവും ലഹരിയും ഒഴുകുന്നു
ഏറ്റുമാനൂരിലെയും അതിരമ്പുഴയിലെയും കോളനികൾ കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങൾ കഞ്ചാവും ലഹരിമരുന്നുകൾ ശേഖരിച്ചിരിക്കുന്നത്. കോളനികൾക്കുള്ളിൽ കയറി ആർക്കും പെട്ടന്ന് പരിശോധന നടത്താൻ സാധിച്ചിട്ടില്ല. നേരത്തെ കഞ്ചാവ് മാത്രമായിരുന്നു ഏറ്റുമാനൂരിൽ വിപണനം ചെയ്‌തിരുന്നത്. എന്നാൽ, വീര്യം കൂടിയ ലഹരികളെല്ലാം ഇപ്പോൾ വ്യാപകമായി ജില്ലയിൽ എത്തിക്കുന്നത് ഇവിടെ നിന്നാണ്. ഹാഷിഷും, ആംപ്യൂളുകളും എല്ലാം വിതരണം ചെയ്യുന്നത് ഈ കോളനികളിൽ നിന്നാണെന്ന് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്.
സംരക്ഷണമൊരുക്കി
ബ്ലേഡ് മാഫിയ
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം സജീവമായ നാല് ഗുണ്ടാ സംഘങ്ങളാണുള്ളത്. കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന ജോർജ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും, ഗുണ്ടാ കഞ്ചാവ് മാഫിയ സംഘത്തലവൻ അലോട്ടിയുടെ സംഘവും, എക്സൈസ് സംഘത്തെ ആക്രമിച്ച അച്ചു സന്തോഷിന്റെ ഗുണ്ടാസംഘവുമാണ് ഇവിടെ ഇപ്പോൾ സജീവമായിരിക്കുന്നത്. ബ്ലേഡ് മാഫിയക്ക് നേതൃത്വം നൽകുന്ന വനിതയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും പ്രദേശത്ത് സജീവമാണ്.