തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമ വാർഷിക ദിനത്തിൽ ജന്മനാടായ തലയോലപ്പറമ്പിൽ പ്രതിമയും ഗാലറിയും തുറക്കുന്നു.ബഷീർ സ്മാരക ട്രസ്റ്റിന്റെ പാലാംകടവിലുള്ള ഓഫീസ് സമുച്ചയത്തിലാണ് ബഷീറിന്റെ അർദ്ധകായ ശില്പവും ആർട്ട് ഗാലറിയും ഒരുക്കിയിരിക്കുന്നത്. സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ പ്രതിമയും ഗാലറിയും നാളെ നാടിന് സമർപ്പിക്കും. ശിലയിൽ നിന്നു കൊത്തിയെടുത്ത ബഷീറിന്റെ അർദ്ധകായരൂപം, കേരളത്തിൽ ആദ്യത്തേതാണ്. പ്രശസ്ത ശില്പി വി.കെ. രാജനാണ് ചിന്താധീനനായ ബഷീറിന്റെ ശിലാശില്പത്തിന് രൂപം നൽകിയത്. ഗാലറിയുടെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നതെന്നും ആധുനികമായ ഗാലറി അടുത്തഘട്ടത്തിൽ തയാറാക്കുമെന്നും ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ ഹരികുമാർ, സെക്രട്ടറി ഡോ.സി.എം കുസുമൻ എന്നിവർ അറിയിച്ചു. തൃശൂർ ആസ്ഥാനമായിട്ടുള്ള സ്റ്റോൺ ഫൗണ്ടേഷൻ കേരളയുടെ സഹകരണത്തോടെയാണ് ഗാലറി തയാറാക്കിയത്. ഫൗണ്ടേഷൻ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ എം.പി സുരേന്ദ്രനാണ് പ്രോജക്ട് കോർഡിനേറ്റർ.