അടിമാലി: പൊതുശൗചാലയം പണിയാൻ പഞ്ചായത്തിന് അനുവദിച്ച റവന്യൂ ഭൂമിയിൽ പൊലീസിന്റെ വക അനധികൃത കൈയേറ്റം. അടിമാലി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് പൊലീസ് സ്റ്റേഷന് മുമ്പിൽ ജില്ലാ കളക്ടർ അനുവദിച്ച മൂന്ന് സെന്റ് റവന്യൂ ഭൂമിയാണ് കൈയേറിയത്. സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെട്ട ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പാതയോര ശൗചാലയം നിർമ്മിക്കുന്നതിനാണ് അടിമാലി പഞ്ചായത്തിന് സ്ഥലം നൽകിയത്. ഇവിടെയാണ് പൊലീസ് വകുപ്പ് ഷെഡ് കൈയേറി പണിതിരിക്കുന്നത്. ഷെഡ് കാട് കയറി ആർക്കും ഉപകാരപ്രദമല്ലാത്ത നിലയിലാണ് ഇപ്പോൾ. അടിമാലിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്കും വാഹന യാത്രികർക്കും ടൗണിൽ ഒരു പൊതു ശൗചാലയം ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവിടെ ശൗചാലയം ആരംഭിച്ചാൽ തിരുവനന്തപുരത്തു നിന്നുള്ള രാത്രി കാല ബസുകളിൽ പുലർച്ചെ അടിമാലിയിൽ എത്തുന്ന യാത്രികർക്കും ബസ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമടക്കം പ്രയോജനപ്പെടും. അനധികൃത കൈയേറ്റം ഒഴിപ്പിച്ച് എത്രയും പെട്ടെന്ന് പദ്ധതി പൂർത്തീ കരിക്കണമെന്ന ആവശ്യം ശക്തമാണ്.