കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ തെറ്റായ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കേരളാ വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആറിന് വ്യാപാരികൾ അവശ്യസാധനങ്ങൾ വിൽക്കുന്നവ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ട് ഉപവസിക്കും. സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ നേതാക്കൾ അതത് കളക്ടറേറ്റുകൾക്ക് മുമ്പിലും യൂണിറ്റ് ഭാരവാഹികൾ പ്രധാന കേന്ദ്രങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തും. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ അറിയിച്ചു.