പാലാ: ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെ അഞ്ചേക്കറോളം സ്ഥലത്ത് വികാരി ഫാ. ജോസഫ് പാനാമ്പുഴയുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. പള്ളിയുടെ സമീപമുള്ള പള്ളി വക സ്ഥലങ്ങളിൽ ഫാ.ജോസഫ് പാനാമ്പുഴ വികാരിയായി ചുമതലയേറ്റതു മുതൽ പല തരത്തിലുള്ള കൃഷികൾ ആരംഭിക്കുകയായിരുന്നു. പാനാമ്പുഴ അച്ചൻ നേരിട്ടായിരുന്നു കൃഷിയുടെ മേൽനോട്ടം.
കൊഴുവനാൽ കൃഷി ഓഫീസർ ബിനി ഫിലിപ്പും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ഇടവക അംഗങ്ങൾ, രാമപുരത്തെ യുവ കർഷകനായ സണ്ണി ഇടിഞ്ഞാറപ്പിള്ളിൽ എന്നിവരുടെ സഹായത്തോടെയായിരുന്നു കൃഷി.
കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ, പടവലം, പാവൽ, പയർ, വെണ്ടയ്ക്ക, മത്തങ്ങ എന്നിവയിൽ നിന്ന് നൂറുമേനി വിളവ് ലഭിച്ചു. കൃഷിയിൽ ഇടവകയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ഇടവക അംഗങ്ങളുടെ സഹകരണത്തോടെ കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണെന്നും ഫാ. ജോസഫ് പാനാമ്പുഴ പറഞ്ഞു. പള്ളിയുടെ തിരുനാളിന് സ്വരൂപിച്ച പണംകൊണ്ട് ഇടവകയിലെ വ്യത്യസ്ത മതസ്ഥരായ ആളുകൾക്ക് വീടുവെച്ച് കൊടുക്കുന്ന പദ്ധതിയും ആരംഭിച്ചിരുന്നു. കൃഷിയുടെ വിളവെടുപ്പിന് സഹ വികാരി ഫാ. മാത്യു കുരിശുംമൂട്ടിൽ, കൈക്കാരൻമാരായ സാജു കാരാമയിൽ, തൊമ്മച്ചൻ ആരംപുളിക്കൽ, സജി തറപ്പേൽ എന്നിവരും നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്
ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് വികാരി ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്യുന്നു