പാലാ: തുറക്കാനല്ലേ ഈ കംഫർട്ട് സ്റ്റേഷൻ പണിതത്. ഉദ്ഘാടനവും കഴിഞ്ഞു .... എന്നിട്ടുമെന്തേ..? വെള്ളവും വൈദ്യുതിയും ലഭ്യമാക്കാത്തതിനാൽ സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയായ ശൗചാലയം തുറന്നു കൊടുക്കാൻ സാധിച്ചിട്ടില്ലെന്ന് സിവിൽ സ്റ്റേഷനിലെ ജീവനക്കാരും പൊതുജനവും പറയുന്നു. ഇതിനൊരു മാറ്റം വരണ്ടേ....?

അഞ്ച് ലക്ഷം രൂപാ ചെലവഴിച്ച് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ പാലാ നഗരസഭ 2019ൽ നിർമ്മാണം പൂർത്തീകരിച്ച 5 ശൗചാലയങ്ങളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. പൊതുജനങ്ങൾക്കായി നിർമ്മിച്ചവയാണിത്. വാട്ടർ അതോറിട്ടി, വൈദ്യുതി വകുപ്പിലും അപേക്ഷ നൽകിയിട്ടും പരിഹാരമായില്ലെന്ന് നഗരസഭാ അധികൃതർ പറയുന്നു.

അമ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ജീവനക്കാരുടെ ശൗചാലയവും തകർന്നുകിടക്കുകയാണ്. അറ്റകുറ്റ പണികൾ നടക്കാത്തതും ആവശ്യത്തിന് വെള്ളം ലഭ്യമാക്കാത്തതുമാണ് പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമായത്. വാട്ടർ അതോറിട്ടിയുടെ വെള്ളം സിവിൽ സ്‌റ്റേഷൻ പരിസരത്തെ ടാങ്കിൽ നിറച്ച് ഇവിടെനിന്നും പമ്പ് ചെയ്ത് കെട്ടിടത്തിന് മുകളിലെ ടാങ്കിൽ എത്തിച്ചാണ് ശൗചാലയങ്ങളിൽ വെള്ളം നിറയ്ക്കുന്നത്. എന്നാൽ ഓഫീസിലെ സ്വീപ്പർ ജീവനക്കാർ യഥാസമയം വെള്ളം നിറച്ചിടാത്തതും ശൗചാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട് എന്നാണാരോപണം.നഗരസഭയുടെ പുതിയ ശൗചാലയങ്ങൾക്ക് സമീപം കാട് കയറിയ നിലയിലാണ്. ഇവിടെ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.

നടപടിയെടുക്കണം

സിവിൽ സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് പാലാ പൗരസമിതി യോഗം ചേർന്ന് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് നഗരസഭയ്ക്കും സിവിൽ സ്റ്റേഷൻ അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. പി.പോത്തൻ, സേബി വെള്ളരിങ്ങാട്ട്, രാജു പുതുമന, ബേബി കീപ്പുറം, സോജൻ ഇല്ലിമൂട്ടിൽ,ജെയിംസ് ചാലിൽ, ജോയി ചാലിൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:
പാലാ സിവിൽ സ്റ്റേഷനിൽ നഗരസഭ നിർമ്മിച്ച പൊതുശൗചാലയം കാടുപിടിച്ച് നശിക്കുന്ന നിലയിൽ