kas

കോട്ടയം: വിശ്വ മാനവികതയുടെ കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കേരളത്തിലെ ആദ്യ പ്രതിമ 27-ാം ചരമ വാർഷികദിനമായ ഇന്ന് ജന്മനാടായ തലയോലപ്പറമ്പിൽ അനാവരണം ചെയ്യും. ഏറെക്കാലം ബഷീർ സുൽത്താനായി വിലസിയ കോഴിക്കോട്ട് ചില കേന്ദ്രങ്ങളുടെ എതിർപ്പുകാരണം പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിച്ച്

ബഷീർ സ്മാരക ട്രസ്റ്റാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് അർദ്ധകായ ശിൽപ്പവും ആർട്ട് ഗാലറിയുമടങ്ങുന്ന സ്മാരകം നിർമിച്ചത്. ബഷീറിന്റെ പ്രശസ്ത കഥാ പാത്രങ്ങളും കഥാ സന്ദർഭങ്ങളും അടിസ്ഥാനമാക്കി പത്തു ചിത്രകാരന്മാർ വരച്ച കലാസൃഷ്ടികൾ ആർട്ട് ഗാലറിയിലുണ്ടാകും.

ശിലയിൽ നിന്നു കൊത്തിയെടുത്ത ബഷീറിന്റെ അർദ്ധകായരൂപം, കേരളത്തിൽ ആദ്യത്തേതാണ്. പ്രശസ്ത ശില്പി വി.കെ. രാജനാണ് ശിലാശില്പത്തിന് രൂപം നൽകിയത്. ചാര നിറത്തിലുള്ള പ്രത്യേക കരിങ്കല്ലിൽ പോർട്രെയ്റ്റ് ചെയ്യുന്നത് സങ്കീർണ്ണമായ കലാപ്രവർത്തനമാണ്. ഒ.വി.വിജയന്റെ ജന്മനാടായ തസ്രാക്കിൽ ഖസാക്കിന്റെ ഇതിഹാസത്തെ മുൻനിർത്തിയുള്ള ശില്പോദ്യാനത്തിലും രാജൻ പങ്കാളിയായിട്ടുണ്ട്..

ബഷീർ 1960 മുതൽ 64 വരെ താമസിച്ചിരുന്ന തലയോലപ്പറമ്പ് കവലയിലുള്ള ഇപ്പോഴത്തെ ഫെഡറൽ നിലയത്തിൽ രാവിലെ 9.15നാണ് ചടങ്ങുകൾ ആരംഭിക്കുക. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതിമ അനാച്ഛാദനം ചെയ്യും.

ഗാലറിയുടെ ആദ്യഘട്ടം മാത്രമാണ് ഇപ്പോൾ നിർമിച്ചിട്ടുള്ളത്. ആധുനിക ഗാലറി അടുത്തഘട്ടത്തിൽ തയ്യാറാക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാർ, സെക്രട്ടറി ഡോ.സി.എം. കുസുമൻ എന്നിവർ അറിയിച്ചു. തൃശൂർ ആസ്ഥാനമായിട്ടുള്ള സ്റ്റോൺ ഫൗണ്ടേഷൻ കേരളയുടെ സഹകരണത്തോടെയാണ് ഗാലറി തയ്യാറാക്കിയത്. ഫൗണ്ടേഷൻ സെക്രട്ടറിയും മാദ്ധ്യമപ്രവർത്തകനുമായ എം.പി. സുരേന്ദ്രനാണ് പ്രോജക്ട് കോ ഓർഡിനേറ്റർ.