കോട്ടയം: അങ്ങിനെ കോട്ടയം കാത്തിരുന്ന ആ ദിവസമെത്തി.! ജില്ലയിലും പെട്രോൾ വില നൂറിൽ!. ഡീസൽ വിലയും തൊട്ടു പിന്നിലുണ്ട്. വർദ്ധിക്കുന്ന പെട്രോൾ വില കൂടുതലും ബാധിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെയാണ്. ശമ്പളത്തിന്റെ സിംഹഭാഗവും ഇന്ധന ചെലവിനായി മാറ്റി വയ്ക്കേണ്ടി വരുന്നു ഇക്കൂട്ടർക്ക് .
കത്തിക്കയറുന്ന ഡീസൽ വിലയിൽ നടുവൊടിഞ്ഞു കിടക്കുകയാണ് ഒാട്ടോ, ടാക്സി, ചരക്കുലോറി മേഖലകളും. ജില്ലയിൽ അഞ്ഞൂറിലേറെ ലോറികളാണ് സർവീസ് നടത്തിയിരുന്നത്. ഡീസൽ വില 65 ആയിരുന്ന കാലത്തെ വാടകയാണ് 94 കടന്നപ്പോഴുമുള്ളതെന്ന് ലോറി ഉടമകൾ പറയുന്നു. ലോറികളുടെ എണ്ണം കൂടുകയും ഡിമാന്റ് കുറയുകയും ചെയ്തതോടെ കുറഞ്ഞ കൂലിയ്ക്ക് ഓടേണ്ട സാഹചര്യമാണ്.
ശമ്പളം പെട്രോൾ അടിയ്ക്കാൻ മാത്രം
നിലവിലെ സാഹചര്യത്തിൽ ഇന്ധന വില ഉയർത്തുന്നത് ദൈനംദിന ജീവിതത്തിൽ വലിയ വെല്ലുവിളിയാണ്. കൊവിഡ് ഭീതി ഇനിയും മാറാത്തതിനാൽ പൊതുഗതാഗത സംവിധാനങ്ങളേക്കാൾ കൂടുതലായി എല്ലാവരും ആശ്രയിക്കുന്നത് സ്വന്തം വാഹനത്തെയാണ്. കിട്ടുന്ന സാലറിയിൽ ഭൂരിഭാഗവും പെട്രോൾ അടിയ്ക്കാനായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
- മേഘ്‌ന,
സ്‌കൂട്ടർ യാത്രിക.
കൊവിഡിൽ ആശ്രയം സ്വന്തം വാഹനം
സമ്പർക്കം ഒഴിവാക്കാനായി കൊവിഡ് കാലത്ത് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് സ്വന്തം വാഹനങ്ങൾ തന്നെയാണ്. പെട്ടെന്ന് എവിടെയങ്കിലുമൊക്കെ പോകണമെങ്കിലും ഇരുചക്രവാഹനങ്ങളെടുക്കും. പെട്രോൾ വില അടിക്കടി കൂടികൊണ്ടിരിക്കുന്നതിനാൽ, സാധാരണക്കാരുടെ വരുമാനത്തെയും നിത്യ ചെലവിനെയും അതു ബാധിക്കുന്നു.
- അൻസിയ, വീട്ടമ്മ
നിശ്ചിത നിരക്ക് ക്രമീകരിക്കണം
ഓരോ ദിവസവും പെട്രോൾ വില വർദ്ധിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു നിശ്ചിത നിരക്ക് ക്രമീകരിക്കുകയാണ്. ദിവസവേതനക്കാരന്റെയും മാസ വരുമാനം നേടുന്നവരുടെയും വേതനത്തിന്റെ പകുതിയിലധികം ഇന്ധനചെലവിനായി വേണ്ടി വരുന്നു. പൊതു വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നാൽ ഓട്ടോ -ടാക്‌സി ചാർജ് ഇനത്തിലും ഇരട്ടിയിലധികം കൊടുക്കണം.
- ലിബിന, അദ്ധ്യാപിക
അവശ്യവസ്തുക്കളുടെയും വില ഉയരും
പെട്രോൾ വില ഉയരുമ്പോൾ സ്വാഭാവികമായും മറ്റ് അവശ്യസാധനങ്ങൾക്കും വില ഉയരും. ഈ സാഹചര്യത്തിൽ സാധാരണ ഡ്രൈവറായ ഞാൻ 500 രൂപയ്ക്ക് ജോലി ചെയ്താൽ പെട്രോൾ ചാർജ് പോയതിന് ശേഷം 300 രൂപയാകും ലഭിക്കുക. അവശ്യവസ്തുക്കൾ തുച്ഛമായ ശമ്പളം കൊണ്ട് വാങ്ങാനും കുടുംബം മുന്നോട്ട് കൊണ്ടു പോകാനും സാധിക്കില്ല.
-സുധീഷ്, ഡ്രൈവർ
50 രൂപയ്ക്ക് അടിച്ചാൽ ഇപ്പോൾ ഒന്നുമില്ല
മുൻപൊക്കെ ബൈക്കിന് 50 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 60 കിലോമീറ്റർ വരെ പോകാമായിരുന്നു. ഇന്ന് നൂറ് രൂപയ്ക്ക് അടിച്ചാലും അത്രയും പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. 50 രൂപയിൽ താഴെ ഉണ്ടായിരുന്ന പെട്രോളിനാണ് ഇപ്പോൾ ഇത്രയും വർഷം കൊണ്ട് 100 ന് മുകളിൽ വില എത്തിയിരിക്കുന്നത്.
- അജി, ഇരുചക്രവാഹനയാത്രികൻ