കോട്ടയം: കേരള വാട്ടർ അതോറിറ്റി മേവെള്ളൂർ ജലശുദ്ധീകരണശാല പരിസരത്ത് വനമഹോത്സവത്തിന്റെ ഭാഗമായി ഹരിതവത്ക്കരണവും പുഴയോരസംരക്ഷണ പരിപാടികളും ഇന്ന് നടക്കും. നാല് ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഇനത്തിൽപ്പെട്ട മൂവായിരത്തോളം തൈകൾ ഉൾപ്പെടെയുള്ളവ ദേശീയ തൊഴിലുറപ്പ് പ്രവർത്തകരെ ഉപയോഗിച്ച് നടും. മുൻ വർഷങ്ങളിലും പുഴയുടെ അരിക് സംരക്ഷിക്കുന്നതിനായി മുള, കണ്ടൽ തുടങ്ങിയവ നട്ടിരുന്നു. തരിശുഭൂമികളെ പച്ചപ്പ് പുതപ്പിയ്ക്കുന്നതിനായാണ് വനംവകുപ്പിന്റെ ശ്രമം. കളിമണ്ണ്, വേപ്പിൻപിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവ കുഴച്ച് ഉരുട്ടി അവയ്ക്കുള്ളിൽ പല ഇനം വൃക്ഷ വിത്തുകൾ പൊതിഞ്ഞെടുക്കുന്ന വിത്തുണ്ട പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യും. രാവിലെ 9ന് പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ്ജി പി മാത്തച്ചൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.ശരത്ത്, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അമൽ ഭാസ്‌ക്കർ, പഞ്ചായത്ത് മെമ്പർ ശാലിനി മോഹൻ, പി.എസ് ഷിനോ, കെ.എസ് അനിൽരാജ്, എം.വിമൽ, എം.എൻ ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും. കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.സുരേഷ് സ്വാഗതവും അസി.ഫോറസ്റ്റ് കൺസർവേറ്റർ ഡോ ജി.പ്രസാദ് നന്ദിയും പറയും.