thenga

കോട്ടയം: മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാതെ ഒന്നാണ് തേങ്ങ. കറികൾക്കാകട്ടെ, പലഹാരങ്ങൾക്കാകട്ടെ തേങ്ങ കൂടിയേ തീരൂ. തേങ്ങയുടെ വില അനുദിനം വർദ്ധിക്കുമ്പോൾ വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. തേങ്ങ ഉത്പാദിപ്പിക്കുന്ന കർഷകന് വിപണിയിൽ നിന്ന് ലഭിക്കുന്നത് 35 രൂപ മാത്രമാണ്. എന്നാൽ പൊതുജനം കടകളിലെത്തി വാങ്ങുമ്പോൾ 50 രൂപ നൽകേണ്ട സ്ഥിതിയും.

തേങ്ങ ഇപ്പോൾ കൂടുതലായും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനത്തെ തേങ്ങ കർഷകരിൽനിന്ന് വാങ്ങുന്നത് പ്രധാനമായും മില്ലുടമകളാണ്. കടകളിൽ വിൽപ്പനക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്‌നാട്ടിൽനിന്നാണ്. അവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. ജനങ്ങൾക്ക് ഇവർ പറയുന്ന വില നൽകി വാങ്ങേണ്ടിവരുന്നു.

വിപണിയിൽ അനുദിനം വില വർദ്ധിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സപ്ലൈകോ, ഹോർട്ടികോർപ്പ് എന്നിവ തേങ്ങ വിൽപ്പന നടത്തുന്നില്ല. സപ്ലൈകോ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി തേങ്ങ വിപണനം നടത്തിയാൽ വിലവർദ്ധനവിന് കടിഞ്ഞാണിടാം. കുറഞ്ഞ വിലയ്ക്ക് പൊതുജനത്തിന് ലഭ്യമാകുകയും ചെയ്യും. അല്ലെങ്കിൽ അനുദിനം നാളികേരത്തിന്റെ വില വർദ്ധിച്ചു കൊണ്ടിരിക്കുകയും കടക്കാർ പറയുന്ന വിലയ്ക്ക് ജനങ്ങൾക്ക് വാങ്ങി ഉപയോഗിക്കേണ്ടിവരുകയും ചെയ്യും.

പൊതുവിപണിയിലെ വില 50 രൂപ

 കർഷകർക്ക് കിട്ടുന്നത് 35 രൂപ

പുരയിടങ്ങളിൽ തെങ്ങുള്ളവർ ഇന്ന് വിരളമാണ്. ഭക്ഷണത്തിലെ അവശ്യ വസ്തു എന്ന നിലയ്ക്ക് വില കൊടുത്തു വാങ്ങുകയല്ലാതെ മറ്റു മാർഗമില്ല. കൂടിയ വില കൊ‌ടുത്തിട്ടും അതു കർഷകർക്ക് കിട്ടുന്നില്ലെന്നത് സങ്കടകരമാണ്.

രാജമ്മ, വീട്ടമ്മ, പെരുന്ന