anakkara
നടുഅണക്കര പാടത്ത് നെൽകൃഷിയിറക്കിയപ്പോൾ.

കട്ടപ്പന: പോയ്മറഞ്ഞ നെൽവസന്തത്തെ വീണ്ടെടുക്കാൻ വണ്ടൻമേട് പഞ്ചായത്തിലെ നടുഅണക്കര പാടശേഖരത്ത് നെൽക്കൃഷി തുടങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 50 ഏക്കർ പാടത്താണ് കൃഷിയിറക്കിയത്. അണക്കര പാടശേഖത്തിന്റെ ഭാഗമായ നടുഅണക്കരയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. തുടർന്ന് വണ്ടൻമേട് കൃഷി ഓഫീസർ കെ.കെ. ബിനുമോന്റെ നേതൃത്വത്തിൽ ഐ.എം.എസ്. കോളനിയിലെ 49 കുടുംബങ്ങളെ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കുകയായിരുന്നു. അണക്കര പാടത്തിന്റെ പഴയ പ്രൗഡി വീണ്ടെടുക്കുകയാണ് ലക്ഷ്യം. കാലാവസ്ഥയ്ക്ക് അനുയോജ്യമായ പാൽതോണി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷിയിറക്കിയത്. കൃഷി ഓഫീസർ നേരിട്ടെത്തി കർഷകർക്ക് നിർദേശങ്ങൾ നൽകിവരുന്നു. ഒരു ഏക്കർ നെൽകൃഷിക്ക് 10,000 രൂപ സബ്‌സിഡിയും കൊയ്ത്ത് യയന്ത്രത്തിനുള്ള സഹായവും കർഷകർക്ക് പ്രയോജനകരമാകും. തൊഴിലാളികൾ ഇല്ലാത്തതിനാൽ സമിതി അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നാണ് കൃഷിയും പരിപാലനവും.