പൊൻകുന്നം:കുറക്കന്റെ ആക്രമണം ഭയന്നോടിയ വിദ്യാർത്ഥിക്ക് റോഡിൽ വീണ് പരിക്ക്. ചേപ്പുംപാറ ഊഴിയാട്ട് സാനിയോ സെബാസ്റ്റ്യനാണ് (19) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലേയ്ക്ക് പോയ സാനിയോയ്ക്ക് നേരെ കുറുക്കൻമാർ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി തിരിഞ്ഞോടുമ്പോൾ റോഡിൽ വീണാണ് പരിക്കേറ്റത്.കൈക്കും കാലിലും സാരമായി പരിക്കേറ്റതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ചേപ്പുംപാറ പി.സി ആന്റണി റോഡിലുള്ള കുടുംബ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് പോകുകയായിരുന്നു സാനിയോ.വെളിച്ചമുള്ള വീട്ടിലേയ്ക്ക് വിദ്യാർത്ഥി കയറിയതോടെ കുറുക്കൻമാർ ഓടി മറഞ്ഞു.
മേഖലയിൽ കുറുക്കന്റെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.വളർത്ത് മൃഗങ്ങളെ അക്രമിക്കുന്നതും കൊല്ലുന്നതും പതിവാണ്.കുറുക്കന്റെ ആക്രമണത്താൽ കുട്ടികളെ പുറത്തേയ്ക്ക് ഇറക്കാൻ പോലും ഭയക്കുകയാണ് മാതാപിതാക്കൾ പറയുന്നു.
പൊൻകുന്നം റോയൽ ബൈപാസ്,ചിറക്കടവ് അമ്പലം,മഞ്ഞപ്പള്ളിക്കുന്ന്,മണ്ണംപ്ലാവ് തുടങ്ങി വിവിധ പ്രദേശങ്ങളിലും കുറുക്കൻമാരുടെ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന ഇവ ഓരിയിട്ടാണ് കടന്നുപോകുന്നത്. സമീപത്തെ വീടുകളിൽ ലൈറ്റിടുകയോ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണുകയോ ചെയ്യുമ്പോൾ ഇവ ഓടി മറയും. പകൽ സമയങ്ങളിൽ ആൾപാർപ്പില്ലാത്ത റബർ തോട്ടങ്ങളിലും പുരയിടങ്ങളിലുമാണ് ഇവ കഴിയുന്നത്.