പള്ളിക്കത്തോട്: ഇല്ലാത്ത എരുമയെ കെട്ടിയ ഇല്ലാത്ത മരം മുറിക്കണമെന്ന് പഞ്ചായത്തിന്റെ ഉത്തരവ്. പള്ളിക്കത്തോട് പഞ്ചായത്ത് നൽകിയ വിചിത്ര ഉത്തരവ് വിവാദത്തിലായിരിക്കുകയാണ്. എരുമയെ കെട്ടിയ മരം മുറിക്കണമെന്നാണ് ഉടമയ്ക്ക് നൽകിയ നോട്ടീസ്. ആനിക്കാട് അരുവിക്കുഴിയിലെ വീട്ടമ്മയായ പെരുംകുളത്ത് വിശാലാക്ഷിക്കാണ് നോട്ടീസ് നൽകിയത്. പക്ഷേ തനിക്ക് എരുമയും അങ്ങനെയൊരു മരവും ഇല്ലെന്ന് സ്ഥലം ഉടമയും നഷ്ടപരിഹാരമാവശ്യപ്പെട്ട് തിരികെ പരാതി നൽകിയിരിക്കുകയാണ് വീട്ടമ്മ. പ്രദേശവാസിയായ ഒരാൾ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ അങ്ങനെ ഒരു മരം തന്റെ പുരയിടത്തിലില്ലെന്നാണ് വിശാലാക്ഷി അറിയിച്ചത്.ആരെങ്കിലും അപകടകരമായ മരത്തെക്കുറിച്ച് പരാതിപ്പെട്ടാൽ
മരം മുറിക്കേണ്ട സ്ഥലത്തിന്റെ ബ്ലോക്ക് നമ്പർ, സർവേ നമ്പർ എന്നിവയാണ് ഉത്തരവിൽ വ്യക്തമാക്കേണ്ടത്. ഇവിടെ ഈ സ്ഥാനത്ത് എരുമയെ കെട്ടിയിരിക്കുന്ന മരം എന്നാണ് എഴുതിയിരിക്കുന്നത്. മരം നിൽക്കുന്ന സ്ഥലം സംബന്ധിച്ച് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ട് വ്യക്തത വരുത്താതെ ആവേശം കാണിച്ചതാണ് പൊല്ലാപ്പായത്. താൻ അവധിയിലായിരുന്ന ദിവസം അസി. സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സെക്രട്ടറി സോണിയ പി.മാത്യു പറഞ്ഞു.