jcb
ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റാൻ ശ്രമിച്ച സാധനങ്ങൾ

മൂന്നാർ: ദേശീയ പാതയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഗർഡർ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ലോറി തടഞ്ഞു. ഇന്നലെ രാവിലെ മൂന്നാർ- ദേവികുളം റോഡിൽ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. രാവിലെ റോഡരികിൽ കിടന്ന ഇരുമ്പ് സാധനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാധനം കയറ്റാൻ എത്തിയത് ഇടതുയുവജന സംഘടനയുടെ പ്രാദേശിക നേതാവാണന്ന് അറിഞ്ഞതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. അധികൃതർ അറിയാതെ സാധനങ്ങൾ കടത്തുന്നതായി പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചു. സാധനങ്ങൾ നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ സമരം തുടങ്ങിയതോടെ പൊലീസ് സ്ഥലത്ത് എത്തി. ദേശീയ പാത അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടതോടെ അവരുടെ അനുമതിയോടെയാണ് സാധനങ്ങൾ മാറ്റുന്നതെന്ന് ബോധ്യപ്പെട്ടു. മാത്രമല്ല, തങ്ങൾക്ക് ഇതിൽ പരാതിയില്ലെന്ന് പൊലീസിന് എഴുതി നൽകുകയും ചെയ്തു. ഇതോടെ പൊലീസ് സമരക്കാരെ പിരിച്ചുവിട്ടു.