പാലാ: എവിടെ പഴുക്കാക്കാനം ഡാം പദ്ധതി ....? 131 കോടി രൂപാ എസ്റ്റിമേറ്റിട്ട പദ്ധതി ഇപ്പോഴും കടലാസിലുറങ്ങുകയാണ്.പാലാക്കാരൻ റോഷി അഗസ്റ്റ്യൻ ജലവിഭവ വകുപ്പ് മന്ത്രിയായതോടെ പഴുക്കാക്കാനം പദ്ധതിക്ക് പുത്തനുണർവ്വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വേമ്പനാട് തീരം വരെയുള്ള വലിയൊരു ജനവിഭാഗം. മീനച്ചിൽ നദീതടത്തെ പ്രളയത്തിൽ നിന്നും രക്ഷിക്കാനുള്ള മീനച്ചിൽ ഡാം പദ്ധതികൾ എന്ന് നടപ്പാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.പ്രത്യേകിച്ചും അവർ ചൂണ്ടിക്കാണിക്കുന്നത് പഴുക്കാക്കാനം ഡാം പദ്ധതിയെയാണ്. മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളെ ഇനിയും പ്രളയത്തിൽ മുക്കേണ്ടതുണ്ടോ എന്നാണ് ജനങ്ങളുടെ ചോദ്യം. മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലനിരകളിലെ മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനങ്ങളിൽ നദിക്ക് കുറുകെ ഡാമുകൾ കെട്ടി മഴക്കാലത്ത് ജലം സംഭരിച്ചു നിർത്തി പ്രളയക്കെടുതി കുറയ്ക്കാനുഉള്ള പദ്ധതികൾക്ക് മുൻ സർക്കാരുകൾ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി ഡാമുകൾ വിഭാവനം ചെയ്തു എങ്കിലും രാഷ്ടീയ കാരണങ്ങളാൽ അതു നടപ്പാക്കിയില്ല. വാഗമൺ വഴിക്കടവിൽ ഡാം കെട്ടി വെള്ളം ഇടുക്കി റിസർവോയറിലേക്ക് തിരിച്ചുവിട്ടതു മാത്രമാണ് ഇതിന് അപവാദം. മൂന്നിലവ് പഴുക്കാക്കാനത്ത് മീനച്ചിലാറിന് കുറുകെ ഡാം കെട്ടുവാൻ 2014ലാണ് ജലവിഭവ വകുപ്പ് 131 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. എന്നാൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളോട് ഉദ്യോഗസ്ഥർ കാണിച്ച കടുത്ത അലംഭാവമാണ് തുടർച്ചയായ വർഷങ്ങളിലെ വൻ പ്രളയക്കെടുതികൾക്കും വ്യാപക നഷ്ടങ്ങൾക്കും കാരണമായതെന്ന് ജനങ്ങൾ ആരോപിക്കുന്നു.
വലിയ നഷ്ടം
ഈരാറ്റുപേട്ട, പാലാ പോലുള്ള വ്യാപാര മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വൻ നഷ്ടമാണ് ഓരോ പ്രളയകാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മീനച്ചിൽ നദീതടത്തിലെ പ്രളയം വേമ്പനാട് കായൽമേഖല വരെ വർഷം തോറും വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുകയാണ്.ഈ മേഖലയിൽ മഴക്കാലത്ത് ജലം സംഭരിച്ചു നിർത്തി വെള്ളപ്പൊക്കം തടയുക എന്നതു മാത്രമാണ് പ്രളയത്തിൽ നിന്നും, താഴ്ന്ന പ്രദേശങ്ങളെ രക്ഷിക്കാൻ ഏറ്റവും പ്രധാനം മാർഗ്ഗമെന്ന് വിവിധ സംഘടനകകളും ചൂണ്ടിക്കാട്ടുന്നു. പഴുക്കാക്കാനം ഡാം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്
ജലവിഭവ വകുപ്പുമായി ഉടൻ ചർച്ച നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ കൺവീനർ ജയ്‌സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.
ചീഫ് എൻജിനീയറെ നാട്ടുകാർ തടഞ്ഞു
പാലാ: നിയോജകമണ്ഡലത്തിലെ പഴുക്കാക്കാനത്തെത്തിയ ജലസേചന വകുപ്പ് ചീഫ് എൻജിനീയറെയും പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും പഞ്ചായത്തംഗം ജിൻസി ഡാനയേലും നാട്ടുകാരും ചേർന്ന് തടഞ്ഞു. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുക്കികൊണ്ട് പഴുക്കാകാനത്തിന് മുകളിൽ ഡാം നിർമ്മിക്കാനുള്ള അപ്രായോഗിക തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു നാട്ടുകാരുടെ നടപടി.