kattappana

കട്ടപ്പന: മഹാപ്രളയത്തിൽ ഇടിഞ്ഞ കട്ടപ്പനയാറിന്റെ കൈത്തോടിന്റെ സംരക്ഷണ ഭിത്തി പുനർ നിർമിക്കണമെന്ന് ആവശ്യം. നഗരസഭ 20ാം വാർഡിലെ തോണക്കരക്കുന്നേൽ പടിഅട്ടുളിപ്പടി റോഡിന്റെ വശത്തുകൂടി ഒഴുകുന്ന തോടിന്റെ ഭിത്തിയാണ് 2018 ലെ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞത്. ഇതോടെ റോഡും അപകടാവസ്ഥയിലായി. തോടിന്റെ സ്വഭാവിക നീരൊഴുക്കിന് തടസമായി മണ്ണും ചെളിയും നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വാർഡ് കൗൺസിലർ സോണിയ ജയ്ബി നവേദനം നൽകി. 30ൽപ്പരം കുടുംബങ്ങൾ ദിവസേന സഞ്ചരിക്കുന്ന പാതയാണിത്. പ്രശ്‌ന പരിഹാരത്തിന് ഉടൻ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കൗൺസിലർ അറിയിച്ചു.