ചങ്ങനാശേരി: നിരത്തുകളിൽ മൂടിയില്ലാതെ ഓടകൾ, പലതും കാടു കയറിയും മണ്ണ് നിറഞ്ഞും അടഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം തന്നെ ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പല ഇടറോഡുകളിലും ഓടകൾ നിർമ്മിച്ചിട്ടില്ല, നിർമ്മിച്ച ഓടകളിൽ ഭൂരിഭാഗത്തിനും മൂടിയില്ല. നഗരത്തിലെ തിരക്കിനൊപ്പം മൂടിയില്ലാത്ത ഓടകൾ കാൽനടയാത്രികരെ ദുരിതത്തിലാക്കുന്നു. പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ളായിക്കാട്, പെരുന്ന റെഡ്‌സ്‌ക്വയർ, ആലപ്പുഴ എസി റോഡരിക്, റെയിൽവേ ബൈപ്പാസ് റോഡ് തുടങ്ങി നിരവധി ഇടങ്ങളിലാണ് ഓടകൾക്കു മൂടിയില്ലാത്തത്. നഗരപരിധിയിൽ മാത്രമല്ല, പഞ്ചായത്ത് റോഡുകളുടെയും സ്ഥിതി സമാനമാണ്. കാൽനടയാത്രികർ റോഡിലേയ്ക്ക് ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്. ഗതാഗതത്തിരക്കു വർധിക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഓടയുടെ മുകളിലൂടെ സഞ്ചരിക്കാറുമുണ്ട്. ഇത് പലപ്പോഴും അപകടം സൃഷ്ടിക്കുന്നു. ഓടകളിൽ മാലിന്യം അടിഞ്ഞുകൂടി മലിനജലം പുറത്തേക്ക് ഒഴുകി വെള്ളക്കെട്ട് ഉണ്ടാകുന്നു. പെരുന്ന ആലപ്പുഴ റോഡിൽ ഇത്തരത്തിൽ വലിയ രീതിയിലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. കൂടാതെ, മലിനജലം കെട്ടിക്കിടക്കുകയും സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ഇടയാക്കുന്നു. മാലിന്യങ്ങൾ അഴുകി ഇവിടെ നിന്നും ദുർഗന്ധവും വമിക്കുന്നത് പതിവാണ്. വീതിക്കുറവുള്ള റോഡുകളിൽ വാഹനങ്ങളും വാരിക്കുഴികളും ഒരുപോലെ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ്. കാട് മൂടി കിടക്കുന്ന ഓടകൾ അറിയാതെ എത്തുന്ന വാഹനങ്ങളും നിയന്ത്രണം വിട്ട് വാഹനങ്ങൾ ഓടയിലേക്ക് വീഴുന്നതിനും ഇടയാക്കുന്നു. റോഡ് സുരക്ഷയ്ക്കായി കർശനനടപടി സ്വീകരിക്കുന്ന പൊലീസിനും മൂടിയില്ലാത്ത ഓടകൾ പലപ്പോഴും തലവേദനയാണ്. റോഡ് നിർമ്മാണം എല്ലായിടത്തും പൂർത്തിയാകുമ്പോഴും ഓട നിർമ്മാണം പാതിവഴിയിൽ നിലച്ചുപോകുകയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ മാത്രമാണ് പലപ്പോഴും ഓടകളെക്കുറിച്ചു ചിന്തിക്കുന്നത്. നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ റോഡുകൾ തകരുന്നതിന്റെ പ്രധാന കാരണമായി പറയുന്നതും ഓടകളുടെ അഭാവമാണ്. മാലിന്യം അടിഞ്ഞ് ഒഴുക്കുനിലച്ച ഓടകളുടെ എണ്ണത്തിലും കുറവൊന്നുമില്ല. കുറിച്ചി മുതൽ ചങ്ങനാശേരി വരെ ഭാഗത്ത് ഓടകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിട്ടുണ്ടെങ്കിലും പൂർണ്ണമായും സ്ലാബുകൾ ഇട്ടിട്ടില്ല. പല കോൺക്രീറ്റ് സ്ലാബുകളും ഒടിഞ്ഞു തൂങ്ങി ഓടയിലേക്ക് കിടക്കുന്ന സ്ഥിതിയാണ്. സ്ലാബുകൾ നിരയാക്കി ഇടുകയോ കൃത്യമായി ഉറപ്പിക്കുകയോ ചെയ്യാറില്ല. മൂടിയില്ലാത്ത ഓടകളിൽ മാലിന്യങ്ങളും നിക്ഷേപിക്കപ്പെടു്ന്നുണ്ട്. രാത്രി കാലങ്ങളിൽ മൂടിയില്ലാത്ത ഓടയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യാറുണ്ട്. ഇത് ഓടയുടെ സുഗമമായ ഒഴുക്കിനെയും ബാധിക്കുന്നു. നിർമ്മാണത്തിലെ അനാസ്ഥയാണ് ഓടകൾക്ക് മൂടിയില്ലാതാകുന്നത്. അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു.