കട്ടപ്പന: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീളുന്നു. 5 വർഷം മുമ്പ് റവന്യു വകുപ്പ് സൗജന്യമായി വിട്ടുനൽകിയ ഭൂമി കാടുകയറി കിടക്കുകയാണ്. ഏലപ്പാറ പഞ്ചായത്തിൽ ഭരണസമിതികൾ മാറി വന്നിട്ടും ബസ് സ്റ്റാൻഡ് നിർമിക്കാൻ തുക വകയിരുത്തിയിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇതുവഴിയുള്ള വാഹനത്തിരക്ക് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സ്റ്റാൻഡില്ലാത്തതിനാൽ ഗതാഗതക്കുരുക്കിന് ശമനമില്ല.
കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്താണ് വാഗമൺതൊടുപുഴ റോഡിനോടു ചേർന്നുള്ള 24 സെന്റ് ഭൂമി ബസ് സ്റ്റാൻഡ് നിർമാണത്തിനായി റവന്യു വകുപ്പ് അനുവദിച്ചത്. തുടർന്ന് 2015 നവംബർ ഒന്നിന് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് നിർമാണോദ്ഘാടനം നടത്തി സ്ഥലം അനുവദിച്ചുള്ള സമ്മതപത്രവും കൈമാറി. പിന്നീട് പഞ്ചായത്തിന്റെ ബഡ്ജറ്റുകളിൽ തുടർ നിർമാണത്തിനായി തുക വകയിരുത്തുകയോ കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ബസ് സ്റ്റാൻഡിനു പുറമേ കംഫർട്ട് സ്റ്റേഷൻ, കാത്തിരിപ്പുകേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ കൂടി നിർമിക്കാൻ റവന്യു വകുപ്പ് വിട്ടുനൽകിയ ഭൂമി അപര്യാപ്തമാണ്. ഇതിനായി സമീപത്തുള്ള സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും.
വാഗമൺ ടൗണിലൂടെയാണ് വാഹനങ്ങൾ തൊടുപുഴ ഭാഗത്തേയ്ക്കും ഉപ്പുതറ വഴി കട്ടപ്പന, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലേക്കും പോകുന്നത്. ഈ റൂട്ടുകളിൽ വാഹനങ്ങൾ വർദ്ധിച്ചതോടെ ടൗണിലും തിരക്കാണ്. കെ.എസ്.ആർ.ടി.സിസ്വകാര്യ ബസുകൾ എസ്.ബി.ഐ. ജംഗ്ഷനിലും പഴയചന്തയിലുമായാണ് തിരിക്കുന്നത്. സ്റ്റാൻഡില്ലാത്തതിനാൽ ടാക്‌സി വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ പാർക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷകൾ എസ്ബിഐ ജംഗ്ഷനിൽ പാതയോരത്തും ടാക്‌സി വാഹനങ്ങൾ കാത്തിരിപ്പുകേന്ദ്രത്തിനു സമീപവും പാർക്ക് ചെയ്യുന്നു.