elephenat

അടിമാലി: കാട്ടാന ശല്യം ഒഴിയാതെ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം മേഖല.വർഷങ്ങൾക്ക് മുമ്പ് ആനക്കുളത്ത് പുഴയുടെ തീരത്ത് വനംവകുപ്പ് ഉരുക്കുവടം വേലി നിർമ്മിച്ചുവെങ്കിലും കാട്ടാനകളെ തുരത്തുവാൻഇത് പര്യാപ്തമായിട്ടില്ല.ആയിരത്തി ഇരുന്നൂറ് മീറ്ററോളം നീളത്തിൽ ഉരുക്കുവടംവേലി നിർമ്മിച്ചിട്ടുണ്ട്.കാട്ടാനകൾ വെള്ളംകുടിക്കാൻ എത്തുന്ന ഓരിന് സമീപം മുതൽ വല്യപാറക്കുട്ടിവരെ ഉരുക്കുവടംവേലി പൂർണ്ണമായി നിർമ്മിച്ചാലെ പ്രയോജനമുള്ളുവെന്ന് കർഷകർ പറയുന്നു.ഇനിയും വേലി നിർമ്മിക്കാത്ത ഭാഗത്തുകൂടി ജനവാസമേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകൾ വലിയ കൃഷിനാശമാണ് ആനക്കുളത്ത് വരുത്തുന്നത്.ആനശല്യം നിലനിൽക്കുന്നതിനാൽ കർഷകർക്ക് കൃഷി ചെയ്ത് മുമ്പോട്ട് പോകുവാൻ കഴിയാത്ത സാഹചര്യമുണ്ട്.ആനക്കുളത്തിന് പുറമെ മാങ്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ താളുങ്കണ്ടം,പാമ്പുംകയം കോഴിയിള, കവിതക്കാട് തുടങ്ങി വിവിധ മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്.പലയിടത്തും സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തനക്ഷമമല്ലെന്ന പരാതി ഉണ്ട്.വിരിഞ്ഞപാറ ഭാഗത്ത് 150 മീറ്ററോളം ദൂരത്തിൽ കിടങ്ങ് തീർത്താൽ ഒരു പരിധിവരെ കാട്ടാന ശല്യം ചെറുക്കാനാകും.പൂർണ്ണമായി കാർഷികമേഖല എന്ന പരിഗണനയിൽ കാട്ടാനശല്യം നിയന്ത്രിക്കുവാനുള്ള ഇടപെടൽ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യം കർഷകർ നിരന്തരം മുമ്പോട്ട് വയ്ക്കുകയാണ്.