കോട്ടയം: പാറേച്ചാൽ ബൈപ്പാസിലും കൊടൂരാറ്റിലും മാലിന്യം തള്ളി. കോഴിക്കടകളിൽ നിന്നുള്ള മാലിന്യമാണ് ആറ്റിലും പാലത്തിലും തള്ളിയത്. ഞായറാഴ്‌ച അർദ്ധരാത്രിയ്ക്കു ശേഷമാണ് മാലിന്യം തള്ളിയതെന്നാണ് നിഗമനം.

കോഴിമാംസത്തിന്റെ അവശിഷ്‌ടങ്ങൾ പാലത്തിൽ നിന്നും താഴേയ്‌ക്ക് വലിച്ചെറിയുകയായിരുന്നു. പാലത്തിലും കോഴിമാലിന്യം നിറഞ്ഞിരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നു നഗരസഭ അധികൃതർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, മാലിന്യം തള്ളിയവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പാറേച്ചാൽ ബൈപ്പാസും ഈരയിൽക്കടവ് ബൈപ്പാസും മാലിന്യം തള്ളുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. രണ്ടിടത്തും രാത്രിയിൽ വെളിച്ചമില്ലാത്തത് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധസംഘം മാലിന്യം തള്ളുന്നത്. കക്കൂസ് മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.

ഇപ്പോഴും ഇരുട്ടിൽ

ഒരു വർഷം മുൻപ് ആരംഭിച്ച ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ ഈരയിൽക്കടവിൽ എങ്ങും എത്തിയിട്ടില്ല. ഈരയിൽക്കടവ് പാലത്തിലും ബൈപ്പാസിലും ഇപ്പോഴും വെളിച്ചമില്ല. കഴിഞ്ഞ ഓണത്തിന് മുൻപ് ഇവിടെ ലൈറ്റ് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി ലക്ഷങ്ങൾ മുടക്കി പോസ്റ്റും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഈ സ്ഥലത്ത് ലൈറ്റ് സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കുടിവെള്ളത്തോടും കരുണയില്ല

കൊടൂരാറിനോടും തോടുകളോടും പോലും കരുണയില്ലാതെയാണ് സാമൂഹ്യ വിരുദ്ധസംഘം മാലിന്യം തള്ളുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ സത്യത്തിൽ ആരുമില്ല എന്നതാണ് വസ്തുത. പാറേച്ചാൽ ബൈപ്പാസിലെ പാലത്തിൽ നിന്നാണ് ആറ്റിലേയ്‌ക്കും തോട്ടിലേയ്‌ക്കും പ്ലാസ്റ്റിക്ക് കവറിൽക്കെട്ടി മാലിന്യം വലിച്ചെറിയുന്നത്.