കുമരകം: മുഹമ്മയിൽ നിന്നും കണ്ണങ്കര ചീപ്പുങ്കൽ വഴി മണിയാപറമ്പിലേക്കുള്ള ഏക ബോട്ട് സർവീസ് ഇന്നലെ പുനരാരംഭിച്ചു. മൂന്നുമാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്.കരമാർഗം ചെന്നെത്താൻ സാധിക്കാത്ത സ്ഥലങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബോട്ട് സർവീസ് പുരാരംഭിക്കണമന്നെ നാട്ടുകാരുടെ ആവശ്യം വകുപ്പ് അംഗീകരിക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ബോട്ട് സർവീസ് നിറുത്തലാക്കിയ വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസദ്ധീകരിച്ചിരുന്നു. കരീമഠം , മഞ്ചാടിക്കരി പ്രദേശത്തുള്ളവർ ദൈനം ദിന ആവശ്യങ്ങൾക്ക് ചീപ്പുങ്കലിൽ എത്താൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിരിപ്പ് കൃഷി തുടങ്ങിയതോടെ പാടങ്ങളിലെത്താൽ കർഷകർക്കും തൊഴിലാളികൾക്കും ഇതോടെ ബുദ്ധിമുട്ടേറി. പുത്തൻകായൽ പ്രദേശത്തേക്കും എത്താനുള്ള ഏക യാത്ര മാർഗം ഈ ബോട്ട് സർവീസായിരുന്നു. കണ്ണങ്കരയിൽ നിന്നും നിരവധിയാളുകളാണ് മണിയാപറമ്പ് വഴി കോട്ടയം മെഡിക്കൽ കോളേജിലെത്താൻ ഈ ബോട്ടിനെ ആശ്രയിച്ചിരുന്നത്.