കോട്ടയം: തുറന്നുപോയ ഡോർ അടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് ഒൻപത് യാത്രക്കാർക്ക് പരിക്ക്. തോട്ടയ്ക്കാട് മുപ്പാത്തിയിൽ ജോർജ് എം.തോമസ് (35), മാന്തുരുത്തി കുഴിതാലിൽ ബിജി (38), കാടമുറി മനന്താനത്ത് സുരേഷ് കുമാർ (42), പരിയാരം സ്വദേശി വിൻധ്യ (39), മനമ്പാറ കുളത്തൂർ അജയൻ (43), മല്ലപ്പള്ളി എഴുമറ്റൂർ സിയോണിൽ ബിജി (37), മല്ലപ്പള്ളി ഓലിക്കൽ സ്വദേശി അൻജു (30), നെടുങ്ങാടപ്പള്ളി കൊച്ചു കുഴിപ്പറമ്പിൽ കെ.ജി രഘു (62), തോട്ടയ്ക്കാട് കുടകശേരിയിൽ ജിയ (21) എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം പരിക്കേറ്റവരെ വിട്ടയച്ചു. ഇന്നലെ രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടിൽ കന്നുകുഴി വളവിലാണ് അപകടം. മല്ലപ്പള്ളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. വളവിൽ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോർ തുറന്നുപോയി. ഡോർ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ട്രാൻസ്ഫോമറിലും മരത്തിലുമായി ഇടിച്ചുനിൽക്കുകയായിരുന്നു. അപകടത്തിൽ ട്രാൻസ്ഫോമർ പൂർണമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.