കോട്ടയം : ''മോനേ ഈ നടുവൊന്ന് തിരുമ്മിത്തന്നേ....'' വർഷങ്ങൾക്ക് മുൻപ് മുത്തച്ഛൻമാരുടെ പതിവ് പല്ലവിയായിരുന്നു ഇതെങ്കിൽ നടുവേദനകൊണ്ട് പൊറുതി മുട്ടുകയാണ് പുതുതലമറ. ബൈക്കിലുള്ള യാത്ര, കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരം ഇരുന്നുള്ള ജോലി കൂടിയായതോടെ ആശുപത്രി കയറുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്.
ദിവസവും ബൈക്കിൽ ദീർഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങൾ നട്ടെല്ലിലെ ലംബാർ വെർട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മർദമേൽപ്പിക്കും. കശേരുക്കൾ തമ്മിൽ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്‌കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കൽ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സ്ഥിരമായ യാത്രകൾക്ക് ശേഷമാണ് മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുള്ള ജോലി. ഇവ രണ്ടുമാകുന്നതോടെ ഡിസ്‌കുകൾ പുറത്തേക്ക് തള്ളി സുഷുമ്‌നനാഡിയുൾപ്പെടെ ഞെരുങ്ങി അതികഠിന വേദനയുണ്ടാവും.
കഴുത്തിനുമുണ്ട് പ്രശ്‌നങ്ങൾ
ബൈക്ക് ഓടിക്കുമ്പോൾ ഹാൻഡിലിൽപിടിച്ച് നേരേനോക്കി കൂടുതൽ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാവും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥ. പതിവായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരുടെ ഇരിപ്പും പ്രശ്നമാണ്. നിശ്ചിത ദൂരത്തിൽ നട്ടെല്ല് വളയാതെ കൈകൾ ശരിയായ പൊസിഷനിൽ അല്ലെങ്കിൽ കഴുത്തിന് വേദന ഗുരുതരമാകും.
ലക്ഷണങ്ങൾ ഇങ്ങനെ
ശക്തമായ നടുവേദന ദീർഘദൂര ബൈക്ക് യാത്ര ചെയ്യരുതെന്ന സൂചന
കാലിന്റെ പിറകുവശത്തുകൂടി തുടങ്ങി പെരുവിരൽ വരെ വേദന വ്യാപിക്കാം
ചുമയ്ക്കുമ്പോളും തിരിയുമ്പോഴും വേദന തീവ്രമാകും
സ്റ്റെപ്പ് ഇറങ്ങുമ്പോഴും ഉണർന്നെണീക്കുമ്പോഴും വേദന
'' കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നട്ടെല്ലിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന യുവതീ യുവാക്കളുടെ എണ്ണം വർദ്ധിച്ചു. 21 വയസുവരെയുള്ളവർ വരെ ചികിത്സയ്ക്ക് എത്തുന്നു. ടെക്കികൾ, മെഡിക്കൽ റെപ്പുമാർ, മാദ്ധ്യമ പ്രവർത്തകർ ഇങ്ങനെ വിവിധ മേഖലകളിൽ ഉള്ളവരാണ് എത്തുന്നത്. വ്യായാമത്തിന്റെ കുറവും പ്രധാന പ്രശ്നമാണ്
ഡോ.ആർ.വി.അജിത്, ചീഫ് മെഡിക്കൽ ഓഫീസർ. ജില്ലാ ആയുർവേദാശുപത്രി