pushparchana

മുണ്ടക്കയം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം ആരംഭിച്ച ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഏന്തയാർ ഒലയനാട് ശ്രീഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശനം നടത്തി. നാനൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഗാന്ധി സ്മാരക അഖില കേരള ക്വിസ്, ഗാന്ധി സ്മൃതി മണ്ഡപം, ഗാന്ധി സ്മാരക ഓപ്പൺ എയർ ക്ലാസ് റൂം, ഗാന്ധി സാഹിത്യങ്ങളുടെ ശേഖരം, ഗാന്ധി ദിനാചരണങ്ങൾ തുടങ്ങി വിവിധ പരിപാടികളിലൂടെ ഗാന്ധിജിയുടെ ഓർമ്മകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നുണ്ട്. സ്കൂളിന്റെ മികച്ച പ്രവർത്തനം മനസിലാക്കിയ മന്ത്രി ഗാന്ധി സ്മാരക വായനശാലയും വായനാമുറിയും നിർമ്മിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഞ്ജലി ജേക്കബ്, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ, ശാഖാ സെക്രട്ടറി മനോജ് തങ്ങാടിയിൽ, സ്കൂൾ ഇൻചാർജ് ഇ.കെ.സുജ, എം.എം.മജേഷ്, എം.കെ.മധു തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.