പൊന്‍കുന്നം: ചിറക്കടവ് എസ്.ആര്‍.വി.എന്‍. എസ്.എസ്.വി.എച്ച്.എസ്.എസില്‍ വനംവകുപ്പിന്റെയും സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ വിദ്യാവനം ഒരുക്കും. അഞ്ചുസെന്റ് സ്ഥലത്ത് വലിയമരങ്ങള്‍ ഉള്‍പ്പെടെ നാനൂറിലേറെ സസ്യങ്ങളാണ് നട്ടുവളര്‍ത്തുന്നത്.
വനംവകുപ്പ് തയ്യാറാക്കിയ തൈകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലാണ്. മൂന്നുവര്‍ഷത്തേക്ക് ജലസേചനമുള്‍പ്പെടെ ഇവര്‍ പരിപാലനം നടത്തും.
നാട്ടിന്‍പുറത്ത് നിന്ന് അപ്രത്യക്ഷമാകുന്ന പലയിനം സസ്യങ്ങളും ഇതില്‍ ഇടംപിടിക്കും. കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതിനൊപ്പം പ്രദേശത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്നതിനും ഉപകരിക്കും ഈ കൃത്രിമവനം. വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നാളെ 11.30-ന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വ്വഹിക്കും.