കുമരകം : കോട്ടയം-കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് റോഡ് കൈയേറി കെട്ടിടം നിർമ്മിക്കുന്നതായി പരാതി. വായനശാലയ്ക്ക് സമീപമാണ് സ്വകാര്യ വ്യക്തി അനധികൃത കൈയേറ്രം നടത്തിയത്. പുതിയതായി നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ പാർക്കിംഗ് ഏരിയയ്ക്കായാണ് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള നിർമ്മാണ പ്രവർത്തനം. ഏറ്റവും തിരക്കേറിയതും രണ്ടു പേരുടെ ജീവൻ അപഹരിച്ചതുമായ റോഡ് അപകടം നടന്ന സ്ഥലത്താണ് നിർമ്മാണം . സമീപത്തുള്ള സ്കൂളിലേക്ക് എത്താനും റോഡ് മുറിച്ചു കടക്കാനും വേണ്ടിയുള്ള സീബ്രാ ലൈനും കൈയേറിയത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വായനശാല റോഡിൽ നിന്നും പ്രധാന റോഡിലെത്തി കുമരകം ഭാഗത്തേക്ക് വാഹനങ്ങൾക്ക് തിരിയാനും ഇതോടെ ബുദ്ധിമുട്ടേറി. റോഡിലെ ഓടയോടും സമീപപ്രദേശങ്ങളിൽ കുടിവെള്ളവിതരണം നടത്തുന്ന പൈപ്പ് ലൈനോടും ചേർന്ന് സെപ്റ്റിക് ടാങ്കും ഇവിടെ നിർമ്മച്ചിട്ടുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ . കോട്ടയം കുമരകം റോഡിന് വീതിയില്ല എന്ന പരാതി വർഷങ്ങളായി നിലനിൽക്കേയാണ് റോഡ് കൈയേറ്റം തകൃതിയായി നടക്കുന്നത്. ഇല്ലിക്കൽ , അയ്യമാന്ത്ര, മൂന്നു മൂല തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് കൈയേറ്റമുണ്ടായിട്ടും നടപടി നീളുകയാണ്.
വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അറിയിച്ചു. എൻജിനിയർ സ്ഥലത്ത് പരിശോധന നടത്തി തുടർനടപടികൾ ഉടൻ സ്വീകരിക്കും.
അജയൻ കെ.മേനോൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് .
ഇവിടെ മൂന്ന് വാഹനാപകടങ്ങൾക്ക് ഞാൻ ദൃക്സാക്ഷിയാണ്. റോഡിന്റെ വീതി കുറവാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
കബീർ വേലിക്കകം, സമീപവാസി .