pesticide

കോട്ടയം: പെട്രോൾ, ഡീസൽ വിലവർദ്ധനവിന്റെ മറവിൽ രാസവളത്തിനും കീടനാശിനിക്കും വിലവർദ്ധിപ്പിച്ചു. ഇതോടെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാർഷിക മേഖല സ്തംഭനാവസ്ഥയിലായി. രാസവളത്തിന് ചാക്കൊന്നിന് 25 മുതൽ 40 രൂപ വരെ വില വർദ്ധിച്ചപ്പോൾ കീടനാശിനികൾക്ക് 20 മുതൽ 50 ശതമാനം വരെ വർദ്ധനവാണ് വന്നിട്ടുള്ളത്. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും ഇപ്പോഴത്തെ വ‌ർദ്ധനയ്ക്ക് ഇടയാക്കിയെന്നാണ് വളം വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഒന്നു മുതലാണ് രാസവളത്തിന് വില കൂട്ടിയത്.

കർഷകർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ് വിലയിൽ 50 കിലോ ചാക്കൊന്നിന് 1125 രൂപയിൽ നിന്ന് 1250 രൂപയായി. കഴിഞ്ഞ വർഷം ഇതേ സമയം 975 രൂപയായിരുന്നു വില. പിന്നീട് വില 1310 വരെ ഉയർന്നിരുന്നു. അത് പിന്നീട് കമ്പനിക്കാർ തന്നെ കുറച്ചു. പൊട്ടാഷ് വില 910 രൂപയിൽ നിന്ന് 1000 കടന്നു. കേന്ദ്രസർക്കാരിനു മാത്രം വില നിർണയ അധികാരമുള്ള യൂറിയ വില 45 കിലോ ചാക്കിന് 266.50 രൂപയിൽ നിൽക്കുകയാണ്.

ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുൾപ്പെടുന്ന കൂട്ടുവളങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ചാക്കൊന്നിന് 150 മുതൽ 400 രൂപയുടെ വരെ വർദ്ധനയുണ്ടായി. ജൈവവള വിപണിയിലും വില ഉയരുന്നതായി കർഷകർ പറയുന്നു. റബ്ബറിന്റെ വില ആദ്യഘട്ട വള പ്രയോഗ സീസൺ കഴിഞ്ഞു. നെല്ല്, പച്ചക്കറി, വാഴ, പൈനാപ്പിൾ എന്നിവയ്ക്കാണ് ഇപ്പോൾ കർഷകർ രാസവളം വാങ്ങുന്നത്.

നെല്ലിനൊഴികെ മറ്റിനങ്ങൾക്കൊന്നും കൃത്യമായ വിലയില്ലാത്തതിനാൽ വൻതുക മുടക്കി വളപ്രയോഗം നടത്തുന്നത് ബാധ്യത വരുത്തുമെന്നാണ് കർഷകർ പറയുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന രാസവള ക്ഷാമവും കർഷകരെ നെട്ടോട്ടമോടിക്കുകയാണ്. നിരവധി ജൈവവളം വിപണിയിൽ ലഭ്യമാണെങ്കിലും പലതിലും രാസവള സാന്നിദ്ധ്യം കൂടുതലാണെന്നും പരാതിയുണ്ട്.

കീടനാശിനികളുടെ വിലയിൽ 20 മുതൽ 50 ശതമാനത്തിന്റെ വരെ വർദ്ധനുയുണ്ടായി. വാഴ, പച്ചക്കറി, തെങ്ങ്, നെല്ല് കൃഷികൾക്കായി കർഷകർ കൂടുതലായി കീടനാശിനി വാങ്ങുന്നത്. കീടനാശിനി ഉപയോഗിച്ചില്ലെങ്കിൽ ഉല്പാദനം പൊടുന്നനേ കുറയുമെന്നാണ് കർഷകർ പറയുന്നത്. ഇതിനാൽ എന്തുവിലകൊടുത്തും കീടനാശിനി വാങ്ങാൻ കർഷകർ നിർബന്ധിതരാവും.