വൈക്കം : പൊട്ടിപ്പൊളിഞ്ഞു കിടന്നപ്പോൾ പ്രാണഭയമില്ലാതെ വഴിനടക്കാമായിരുന്നു. ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ചതോടെ ജീവൻ തിരിച്ച് കിട്ടായാൽ ഭാഗ്യമെന്നാണ് യാത്രക്കാർ പറയുന്നത്. പുളിഞ്ചുവട് - ചേരുംചുവട് റോഡിലാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ അപകട ഭീതിയുയർത്തുന്നത്. തകർന്നു കിടന്ന റോഡ് ഏതാനും വർഷം മുൻപാണ് ഉയർത്തി ടാർ ചെയ്തത്. ഇതോടെ ബെല്ലും ബ്രേക്കും ഇല്ലാതെ വാഹനങ്ങൾ ചീറിപ്പായുകയാണ്.
വീതി കുറഞ്ഞ റോഡിൽ രണ്ട് വലിയ വാഹനങ്ങൾ ഒരേ സമയം എതിർ ദിശകളിലേക്ക് കടന്നുപോകാനാവില്ല.
പ്രദേശ വാസികൾക്ക് വഴി നടക്കാനും ഭയമാണ്. പ്രഭാത, സായാഹ്ന നടത്തത്തിനിറങ്ങുന്നവരും അപകടഭീതി മൂലം ഈ റോഡ് ഒഴിവാക്കുകയാണ്.
മൂടിയില്ലാതെ ഓട, വാ തുറന്ന് അപകടം
റോഡിനിരുവശവും ഓടയുണ്ടെങ്കിലും മൂടിയില്ലാത്തത് അപകടഭീഷണി ഉയർത്തുകയാണ്. ഓട സ്ലാബിട്ട് മൂടുമെന്നാണ് അധികൃതർ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പല ഭാഗത്തും ഓട തുറന്നു തന്നെ കിടക്കുകയാണ്. പരസ്പരം സൈഡ് കൊടുക്കുമ്പോഴും രാത്രികാലങ്ങളിലും വാഹനങ്ങൾ ഓടയിൽ വീണ് അപകടമുണ്ടാകുന്നു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് സ്ലാബില്ലാത്ത ഓടകൾ ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കുന്നത്. ചേർത്തല, ആലപ്പുഴ, കുമരകം ഭാഗങ്ങളിലേക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാവുന്ന ബൈപ്പാസായതിനാൽ ഇവിടെ ഗതാഗത തിരക്കേറെയാണ്.