കട്ടപ്പന: വലിയതോവാള അഞ്ച്മുക്കിലെ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ പ്രവർത്തനം അവസാനിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകൾ. ടവർ സ്ഥാപിച്ച് 3 മാസത്തിന് ശേഷം പ്രവർത്തനം നിർത്തി പൊളിച്ചുനീക്കി തുടങ്ങി. നെറ്റ്‌വർക്ക് നിലച്ചതോടെ കുട്ടികളുടെ ഓൺലൈൻ പഠനം തടസപ്പെടുകയാണ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരവുമായി രംഗത്തെത്തി. മേഖലയിൽ നെറ്റ്‌വർക്ക് തകരാർ പതിവായതോടെ നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് സ്വകാര്യ കമ്പനിയുടെ ടവർ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയത്. വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ നിരവധി പേർ ഈ നെറ്റ്‌വർക്കിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ടവറിന്റെ സാധന സാമഗ്രികൾ ഇവിടെ നിന്നു മാറ്റാനും തുടങ്ങി. കുട്ടികളുടെ പഠനം മുടക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിൽ സി.പി.എം. വലിയതോവാള ലോക്കൽ കമ്മിറ്റി അംഗം ബിജു പുതുശേരി, ബ്രാഞ്ച് സെക്രട്ടറി ബിജു എം.സി, ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റ് ജോബിൻ പോൾ, അനൂപ് കെ.എം, അഷ്‌ന ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.