ചെലവായത് 3.4 കോടി രൂപ
കട്ടപ്പന: ഉദ്ഘാടനം നടത്തി 4 മാസം കഴിഞ്ഞിട്ടും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചില്ല. നിസാര കാരണങ്ങളുടെ പേരിൽ സേവനം വൈകിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. കെട്ടിട നിർമാണത്തിനും ഉപകരണങ്ങൾക്കുമായി 3.4 കോടി രൂപ ചെലവഴിച്ചിട്ടും ഇതുവരെ ട്രയൽ റൺ പോലും നടത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള യു.പി.എസുകൾ ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഫെബ്രുവരി 16ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഓൺലൈനായി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ഒരുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ യൂണിറ്റിലേക്ക് ശുദ്ധജലം എത്തിക്കാൻ കുഴൽക്കിണർ ഉണ്ടായിരുന്നില്ല. കൂടാതെ സെപ്ടിക് ടാങ്കും നിർമിച്ചിരുന്നില്ല. ഇവയുടെ നിർമാണത്തിന് 2 മാസത്തോളം വേണ്ടിവന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ യു.പി.എസ് ഇല്ലാത്തതിന്റെ പേരിൽ പ്രവർത്തനം വൈകിപ്പിക്കുന്നത്. കൂടാതെ ഡോക്ടർ, ടെക്‌നീഷ്യൻ, നഴ്‌സ്, ശുചീകരണ തൊഴിലാളി തുടങ്ങിയവരുടെ നിയമനവും നടത്തിയിട്ടില്ല. താലൂക്ക് ആശുപത്രിയിലെ ചില നഴ്‌സുമാർ പരിശീലനം നേടിയതായി വിവരമുണ്ട്. ഇവിടേയ്ക്കുള്ള അപ്രോച്ച് റോഡും ഇതുവരെ സഞ്ചാരയോഗ്യമാക്കിയിട്ടില്ല.
പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയുൾപ്പെടെ 10 പേർക്ക് ഒരേസമയം ഡയാലിസിസ് നടത്താൻ കഴിയുന്ന യൂണിറ്റാണ് താലൂക്ക് ആശുപത്രിയിലേത്.
നഗരസഭയിലെ ഉൾപ്പെടെ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുമെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. പൂർണതോതിൽ സജ്ജമാക്കാതെ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധിച്ച് നഗരസഭാദ്ധ്യക്ഷ അടക്കം യു.ഡി.എഫ്. അംഗങ്ങളും നേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മുഴുവൻ ജോലികളും പൂർത്തീകരിച്ചശേഷം വെള്ളം ഉൾപ്പെടെയുള്ളവ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി പ്രവർത്തനാനുമതി ലഭിക്കണം. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായുള്ളവർക്ക് ഇവിടെ സൗജന്യമായി ചികിത്സ ലഭിക്കും. മറ്റുള്ളവർക്ക് സ്വകാര്യ ആശുപത്രികളെക്കാൾ കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കും. അതേസമയം ചികിത്സ കട്ടപ്പന നഗരസഭയുടെ പദ്ധതിയിൽ പെടുത്തിയാൽ നഗരസഭാ പരിധിയിലുള്ളവർക്കും സൗജന്യമായി നൽകാനാകും.