കുമരകം : പാടശേഖരത്തിെന്റെ പുറം ബണ്ടിന്റെ ഉയരം കൂട്ടാൻ തോട്ടിലെ ചെളി കുത്തി റോഡിൽ വെച്ചതോടെ ആറ് വീട്ടുകാരുടെ വഴിമുട്ടി. കുമരകം പഞ്ചായത്തിലെ ഏഴാം വാർഡിൽ മുത്തേരി മട- കപ്പട റോഡിൽ യന്ത്രം ഉപയോഗിച്ച് ചെളി കുത്തികയറ്റിയതാണ് വഴി തടസപ്പെടാൻ കാരണമായത്. നെഹ്റു ട്രോഫിക്ക് മുന്നോടിയായി കുമരകത്തെ ചുണ്ടൻവള്ളങ്ങൾ പരിശീലന തുഴച്ചിൽ നടത്തുന്ന മുത്തേരിമട ആറിന്റെ പടിഞ്ഞാറേ തീരത്തുള്ള റോഡാണിത്. പരിശീലന തുഴച്ചിൽ കാണാൻ ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ ആണ് വർഷംതോറും ഇവിടെ തടിച്ചുകൂടുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തികൾ പഞ്ചായത്തിന് വീട്ടു കൊടുത്ത സ്ഥലത്താണ് മൂന്ന് മീറ്റർ വീതിയിൽ വഴി നിർമ്മിച്ചത് . ചെറിയ വാഹനങ്ങൾ ഇതാേടെ വീടുകളിൽ എത്തിത്തുടങ്ങി. റോഡിന്റെ ഒരു ഭാഗം കപ്പട പാടത്തിന്റെ പുറം ബണ്ട് നിർമ്മാണത്തിന് ഉപയോഗിച്ചതോടെയാണ് തെക്കേ അറ്റത്തുള്ള ആറ് വീട്ടുകാർക്ക് ഒരു ടൂവീലർ പോലും വീട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായത്. മെത്രാൻ കായലിലെത്താൻ ഉപയോഗിച്ചിരുന്ന പ്രധാന വഴിയായിരുന്നു ഇത്.
നടക്കാത്ത നിർമ്മാണം
മുമ്പ് പലവട്ടം എസ്റ്റിമേറ്റ് എടുത്തെങ്കിലും റോഡ് നിർമ്മാണം മാത്രം നടത്തിയിട്ടില്ല. റോഡിൽ നിലവിലുള്ള രണ്ടു കലുങ്കുകളും സ്ഥലവാസികൾ നിർമ്മിച്ചതാണ്. വഴിയടഞ്ഞതോടെ വൃക്ക രോഗിയായ യുവാവ് ഉൾപ്പെടെ ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ മൂന്നു മീറ്റർ വീതിക്കൊപ്പം പുറം ബണ്ടും വീതി കൂട്ടി നിർമ്മിച്ചാൽ മാത്രമേ നിലവിലെ നിലവിലുള്ള ദുരിതത്തിന് പരിഹാരമാകൂ.