പാലാ: ദിവസേന നൂറു കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ഉള്ളനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടോ....?
ഇതേ വരെ ചോർച്ച 'കണ്ടു പിടിച്ചിട്ടില്ലെന്നാണ് ' ആശുപത്രിയുടെ ചുമതലയുള്ള ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസിന്റെ വാദം. കഴിഞ്ഞ ദിവസം ളാലം ബി.ഡി.ഒ., അസി.എൻജിനീയർ എന്നിവർക്കൊപ്പം ബ്ലോക്ക് പ്രസിഡന്റ് ആശുപത്രിയ്ക്ക് ചോർച്ചയുണ്ടോ എന്നറിയാൻ എത്തിയിരുന്നു.
എന്നാൽ പ്രസിഡന്റ് പറയുന്നത് തെറ്റാണെന്നും നല്ല ചോർച്ചയുണ്ടെന്നും ആശുപത്രി സ്ഥിതി ചെയ്യുന്ന വാർഡിന്റെ ബ്ലോക്ക് പ്രതിനിധി ലാലി സണ്ണി ഉറപ്പിച്ചു പറയുന്നു. ഇന്നലെ സ്ഥല പരിശോധന നടത്തിയ ളാലം ബ്ലോക്ക് അസി.എൻജിനീയർ മീരയും ചോർച്ച സ്ഥിരീകരിച്ചിട്ടുണ്ട്.
'ചോർച്ച അത്ര വലുതല്ല. ഓവർസീയറും സ്ഥലം സന്ദർശിച്ചിരുന്നു. ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും' അസി. എഞ്ചിനീയർ പറയുന്നു.
ളാലം ബ്ലോക്ക് ഭരണസമിതിയിലെ ചോർച്ചയുടെ രാഷ്ട്രീയമാണിപ്പോൾ വല്ലാതെ വിണ്ടുകീറിയിരിക്കുന്നത്. അതാണ് ചോർച്ച കണ്ടെത്തിയില്ലെന്ന് പ്രസിഡന്റും ഉണ്ടെന്ന് വാർഡ് മെമ്പറും രണ്ടഭിപ്രായം പറയാൻ കാരണം. ആശുപത്രി സംബന്ധമായ ഒരു കാര്യത്തിലും ആ വാർഡിലെ ബ്ലോക്ക് മെമ്പറെ അടുപ്പിക്കാറില്ലെന്നും ആരോപണമുണ്ട് ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിലെ ചോർച്ച പരിഹരിക്കാത്ത പക്ഷം വെള്ളം വീഴുന്ന ഭാഗത്ത് കുട ചൂടി നിന്ന് പ്രതിഷേധിക്കുമെന്ന് ഉള്ളനാട് പൗരസമിതി നേതാക്കൾ പറയുന്നു. ളാലം ബ്ലോക്ക് ഭരണ നേതൃത്വം ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ഉള്ളനാട് പൗരസമിതി പ്രസിഡന്റ് ബിനു പെരുമന വ്യക്തമാക്കി.
50 വർഷം
ഉള്ളനാട് സർക്കാർ ആശുപത്രി കെട്ടിടം പുതുക്കി പണിയണമെന്ന് ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട് . അമ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.