പാലാ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്‌കരിച്ച ഗുരുകാരുണ്യം സഹായ പദ്ധതി മീനച്ചിൽ യൂണിയൻ വനിതാസംഘവും ഏറ്റെടുത്തു. വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗിയായ മനോഹരന്റെ കുടുംബത്തെ സഹായിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചതെന്ന് യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി തലനാട് പറഞ്ഞു. മനോഹരൻ ദുരിതാശ്വാസനിധിയുടെ കൈമാറ്റം കഴിഞ്ഞ ദിവസം മീനച്ചിൽ യൂണിയൻ പ്രാർത്ഥന ഹാളിൽ നടന്നു. യൂണിയൻ വനിതാസംഘം വൈസ് ചെയർപേഴ്‌സൺ ബിന്ദു സജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോഹരൻ ചികിത്സാ സഹായ നിധി വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് വിതരണം ചെയ്തു. മനോഹരൻ ഉൾപ്പെടുന്ന ഇടപ്പാടി ശാഖയുടെ സെക്രട്ടറി വിനോദ് തുക ഏറ്റുവാങ്ങി.

സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയുമായ രാമപുരം സി.ടി രാജൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം അരുൺ കുളമ്പള്ളി ആമുഖപ്രസംഗവും മൈക്രോ ഫിനാൻസ് കോർഡിനേറ്റർ പി. ജി അനിൽകുമാർ ഗുരുകാരുണ്യ സന്ദേശവും നൽകി.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഗിരീഷ് വാഴയിൽ, സൈബർ സേനാ ചെയർമാൻ ആത്മജൻ കൊല്ലപ്പള്ളി, വനിതാസംഘം നേതാക്കളായ കുമാരി ഭാസ്‌കരൻ, സ്മിത ഷാജി, ബീന മോഹൻദാസ്, റീന അജി, സുജ മണിലാൽ, യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയംഗം കെ.ആർ സൂരജ് പാലാ എന്നിവർ ആശംസകൾ നേർന്നു.