ചങ്ങനാശേരി: മത്സ്യവ്യാപാരിയെ വീടിനുമുമ്പിൽ പതിയിരുന്ന് അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മാമ്മൂട് വലിയപറമ്പിൽ രാഹുൽ സുരേന്ദ്രൻ(21), മോസ്‌കോ ചേരിക്കൽ സനീഷ് കുമാർ കുഞ്ഞുമോൻ(31), മാടപ്പള്ളി ഇടപ്പള്ളി കോളനി കാളശേരി രജു(25) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനു പുലർച്ചെ മൂന്നിന് മത്സ്യ വ്യാപാരത്തിനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ അരുണിനെ രാഹുലും സംഘവും പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മത്സ്യവ്യാപാരിയായ അരുണിന്റെ കടയിലെ ജീവനക്കാരനായിരുന്നു രാഹുൽ. രാഹുലിന്റെ പെരുമാറ്റരീതി ശരിയല്ലാത്തതിനാൽ ഇയാളെ കടയിൽ നിന്നും അരുൺ പറഞ്ഞുവിട്ടിരുന്നു. കഴിഞ്ഞ നാലിനു രാത്രി രാഹുലിന്റെ വീട്ടിൽ മറ്റാരോ അക്രമം നടത്തിയിരുന്നു. അരുണാണ് ഈ അക്രമത്തിനു പിന്നിലെന്നു കരുതിയാണ് രാഹുൽ അരുണിനെ ആക്രമിച്ചതെന്നാണു പൊലീസ് പറയുന്നത്. വീട്ടിൽ നിന്നിറങ്ങിവന്ന അരുണിന്റെ മുഖത്തേക്ക് കുരുമുളകുപൊടി സ്‌പ്രേ ചെയ്തതിനുശേഷം കമ്പിവടിക്ക് അടിക്കുകയായിരുന്നു. അക്രമത്തിൽ അരുണിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഒരാളെകൂടി പൊലീസ് അന്വേഷിച്ചു വരികയാണ്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ അബീബ്, എസ്.ഐ അഖിൽ ദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.