കട്ടപ്പന: ഷാർജയിൽ കൊല്ലപ്പെട്ട കൂട്ടാർ സ്വദേശി വിഷ്ണു വിജയന്റെ(28) മൃതദേഹം ഇന്ന് നെടുമ്പാശേരിയിൽ എത്തിക്കും. മൂന്നാഴ്ചയിലധികമായി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തിവരികയായിരുന്നു. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടിരുന്നു. എം.എം. മണി എം.എൽ.എ, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇ.കെ. രാജപ്പൻ, കേരള പ്രവാസി സംഘം പ്രവർത്തകൻ അഫ്‌സൽ, ലോക കേരള സഭാംഗം കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ നോർക്ക റൂട്‌സിന്റെ സഹായത്തോടെ നടത്തിയ ഇടപെടലുകളാണ് ഒടുവിൽ സഹായകരമായത്.
രാവിലെ 6:30ന് നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. ജൂൺ 15നാണ് നൈജീരിയൻ പൗരൻമാർ വിഷ്ണുവിനെ കൊലപ്പെടുത്തിയത്. വിഷ്ണു താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നൈജിരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തടസം പിടിക്കാനെത്തിയപ്പോൾ വെട്ടി പരിക്കേൽപ്പിച്ച് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. വിഷ്ണു ഷാർജ അബുഷഹറയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു.