പാലാ : റീ സർവേയിലെ അപാകത മൂലം റോഡ് പുറമ്പോക്ക് എന്ന് തെറ്റായി കാണിച്ചതിനാൽ നഷ്ടപ്പെട്ട പട്ടയം മുപ്പതു വർഷക്കാലത്തെ നിയമയുദ്ധങ്ങൾക്കൊടുവിൽ കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു.
മറ്റത്തിപ്പാറ, നിരപ്പ് ഭാഗത്ത് താമസിക്കുന്ന പരേതനായ കൃഷണന്റെ ഭാര്യ പത്മിനിക്ക് തന്റെ ഉടമസ്ഥതയിലും കൈവശത്തിലും ഉദ്ദേശം 40 വർഷമായി ഉണ്ടായിരുന്ന 08.10 സെന്റ് വസ്തുവിന്റെ ഉടമസ്ഥാവകാശമാണ് തിരികെ ലഭിച്ചത്.
2018ൽ കേരള ഹൈക്കോടതിയിൽ പത്മിനി ശ്രീധരൻ റിട്ട് നല്കിയതിനെ തുടർന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കേരളാ സർക്കാരിനോട് നിർദ്ദേശിച്ച് ഉത്തരവായി. എന്നാൽ പരാതിക്ക് പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് പത്മിനി കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അതിനു ശേഷമാണ് വിധവയും കഴിഞ്ഞ 6 വർഷമായി കാൻസർ രോഗിയുമായ പത്മിനിക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം നഷ്ടപ്പെട്ട പട്ടയം വീണ്ടെടുക്കാനായത്. പത്മിനിയും വിധവയായ മകളും സ്‌കൂളിൽ വിദ്യാർത്ഥിനിയായ കൊച്ചുമകളും മാത്രമാണ് വീട്ടിൽ താമസം.കൂലിപ്പണി ചെയ്താണ് അവർ കുടുംബം പോറ്റുന്നത്. അഡ്വ. രാജു കെ. മാത്യൂസ്, അഡ്വ. പി.ടി. മാത്യു എന്നിവർ മുഖാന്തിരമാണ് പത്മിനി ഹൈകോടതിയെ സമീപിച്ചത്.
നിയമയുദ്ധത്തിന് അന്നത്തെ കടനാട് പഞ്ചായത്ത് ഭരണ നേതൃത്വം, പൊതുപ്രവർത്തകനായ ജിബി കൊച്ചുപറമ്പിൽ, പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ എന്നിവരും പിന്തുണ നൽകിയിരുന്നു.