പാലാ: അനാഥ സംരക്ഷണ കേന്ദ്രമായ പാലാ മരിയ സദനിലെ 238 പേർ കാത്തിരിക്കുകയാണ്; രണ്ടാം ഘട്ട വാക്‌സിനായി..... നീണ്ട 108 ദിവസത്തെ കാത്തിരിപ്പ്. വാക്‌സിൻ ലഭിക്കേണ്ട സമയപരിധി കഴിഞ്ഞപ്പോൾ മരിയ സദൻ അധികൃതർ ആശങ്കയോടെ പല വാതിലുകളും മുട്ടി. ഇതേവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. മരിയ സദനിലെ 450 അന്തേവാസികളിൽ നാനൂറു പേർക്കും കഴിഞ്ഞ ഡിസംബറിൽ കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ 4 പേർ മരിച്ചു. 18 വയസ്സിനു മുകളിൽ പ്രായമുള്ള 150ൽപ്പരം പേർ ആദ്യഘട്ട വാക്‌സിനേഷനും കാത്തിരിക്കുകയാണ്. മനോനില നഷ്ട്ടപ്പെട്ട് അനാഥരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 450 ഓളം അംഗങ്ങളാണിപ്പോൾ പാലാ മരിയസദന്റെ സംരക്ഷണത്തിൽ കഴിയുന്നത്. നിലവിൽ 245 പുരുഷന്മാരും 104 സ്ത്രീകളും 20 കുട്ടികളുമുണ്ടിവിടെ. ഇവരിൽ 80 ഓളം പ്രമേഹരോഗികൾ,30 ഓളം കിടപ്പുരോഗികൾ, വൈകല്യമുള്ളവർ എന്നിവരും ഉൾപ്പെടുന്നു.