ചങ്ങനാശേരി: ളായിക്കാട് ബൈപ്പാസ് റോഡിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. ബൈപ്പാസ് റോഡിലൂടെ വാഹനങ്ങളുടെ സഞ്ചാരം മുൻപത്തേതിനേക്കാൾ കുറവായിരുന്നെങ്കിലും കൊവിഡും ലോക്ക് ഡൗണും മാലിന്യനിക്ഷേപകർക്ക് സഹായകമായി മാറി. അടുത്തകാലത്താണ് ബൈപ്പാസ് റോഡ് നവീകരിച്ചത്. ളായിക്കാട് നിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡിന്റെ ഇരുവശത്തും നടപ്പാതയും കൈവരിയും സ്ഥാപിച്ചിരുന്നു. എന്നാൽ, ലോക്ക്ഡൗണിനെ തുടർന്ന്, നടപ്പാതയും റോഡരികും കാട് കയറിയും പുല്ലും വളർന്നു പടർന്ന നിലയിലാരുന്നു. വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം റോഡരിക് വൃത്തിയാക്കിയിരുന്നു. എന്നാൽ, ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന്, വീണ്ടും വാഹനങ്ങളും ആളുകളും പുറത്തിറങ്ങിയതോടെ പകലും രാത്രിയും വാഹനങ്ങളിൽ എത്തി പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിനോട് ചേർന്നു വൃത്തിയാക്കിയ ഭാഗത്ത് നിക്ഷേപിച്ചിരിക്കുകയാണ്. അറവ്മാലിന്യങ്ങൾ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളവ, ഫ്ളാറ്റുകളിൽ നിന്നുള്ളവ, സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ പതിവായി നിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്നവരാണ് കൂടുതലും. മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. നിരവധി പുതിയ പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും എല്ലാം കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. വഴി ലൈറ്റുകൾ തെളിയാത്തതും മാലിന്യ നിക്ഷേപകരെ സഹായിക്കുന്നു. ബൈപ്പാസിനു സമീപത്തായി നിരവധി വീടുകൾ ഉണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് മാലിന്യ നിക്ഷേപം. കൊവിഡ് ഭീതി കൂടാതെ, മറ്റ് സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ബൈപ്പാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിരവധി ഇവിടെ വിവിധ സംഘടനകളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ തണൽമരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികൾ ശക്തമാക്കണമെന്നും ബൈപ്പാസ് റോഡിലെ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള മാർഗങ്ങൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.