bava

കോട്ടയം: കാതോലിക്കാ ബാവാ വിട പറയുന്നത് പിൻഗാമിയെ തിര‌ഞ്ഞെടുക്കാനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം. രോഗം മൂർച്ഛിച്ചതോടെ നിയുക്ത ബാവായെ തിരഞ്ഞെടുക്കണമെന്ന നിർദ്ദേശം ബാവാ തന്നെയാണ് ഉന്നയിച്ചത്. തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റി യോഗം നിയുക്ത ബാവായെ തിരഞ്ഞെടുക്കാൻ മലങ്കര അസോസിയേഷൻ വിളിച്ചുചേർക്കണമെന്ന് അഭ്യർത്ഥിച്ചു. ഒക്‌ടോബർ 14ന് അസോസിയേഷൻ വിളിച്ചു ചേർക്കാനും കല്പന പുറപ്പെടുവിച്ചു.

പരുമലയിൽ നടത്താൻ നിശ്ചയിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കൃത്യ സമയത്ത് നടത്താനുള്ള ക്രമീകരണവും ഉണ്ടാക്കി. അനാരോഗ്യം മൂലം അസോസിയേഷൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാൻ പറ്റാതെ വന്നാൽ സഭയുടെ ഭരണഘടന പ്രകാരം സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ളീമിസ് മെത്രാപ്പൊലീത്തയെ അസോസിയേഷൻ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനും അദ്ധ്യക്ഷത വഹിക്കുന്നതിനും അദ്ദേഹം രോഗക്കിടക്കയിൽ വച്ച് ചുമതലപ്പെടുത്തിയിരുന്നു.