കോട്ടയം : സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ കൗൺസിൽ അനുശോചിച്ചു. ശ്രീനാരായണ ദർശനത്തിൽ അടിയുറച്ചുനിന്ന് ശിവഗിരി മഠത്തിൽ ദീർഘവീക്ഷണത്തോടെ വികസന പദ്ധതികൾ ആവിഷ്‌ക്കരിച്ച് ലോകശ്രദ്ധ നേടിയ പുണ്യാത്മാവാണ് അദ്ദേഹമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, വൈസ് പ്രസിഡന്റ് വി.എം.ശശി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ആർ.രാജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാമിയുടെ സമാധിയിരുത്തൽ ചടങ്ങുകളിൽ കോട്ടയം യൂണിയനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ് എന്നിവർ പങ്കെടുത്ത് പ്രണാമങ്ങൾ അർപ്പിച്ചു.