കോട്ടയം: പാലായിൽ ജോസ് കെ. മാണിയുടെ തോൽവിക്ക് കാരണമായി ഇടതു വോട്ടുകൾ ചോർന്നുവെന്ന ആരോപണം പരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ വോട്ടു ചോർച്ചാവിവാദം വീണ്ടും ചൂടുപിടിച്ചു. സി.പി.എം, സി.പി.ഐ ജില്ലാ കമ്മിറ്റികൾ വോട്ടുചോർച്ച പരിശോധിച്ചിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തൽ ശരിയല്ലെന്ന വിലയിരുത്തലിലാണ് തോൽവി പ്രത്യേകം പരിശോധിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
എന്നാൽ സി.പി.എം തീരുമാനത്തോട് തന്ത്രപരമായ പ്രതികരണമാണ് ജോസ് കെ. മാണി നടത്തിയത്. സി.പി.എം വിലയിരുത്തൽ നടത്തുന്നത് ആ പാർട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഇതിനോട് പ്രതികരിക്കാൻ താത്പര്യമില്ലെന്നുമാണ് ജോസ് പറഞ്ഞത്. കേരള കോൺഗ്രസും ആദ്യഘട്ട പരിശോധന നടത്തിയെന്ന് പറഞ്ഞ ജോസ് പക്ഷേ, കണ്ടെത്തൽ എന്തെന്ന് വെളിപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പ് സമയത്ത് പാലായിൽ സി.പി.എം, കേരള കോൺഗ്രസ് (എം) വിഭാഗങ്ങൾ തമ്മിൽ പലയിടത്തും നിസഹകരണമുണ്ടായിരുന്നു. സി.പി.എം അംഗം ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് നേതാവായ ബൈജു കൊല്ലംപറമ്പിലും നഗരസഭയിൽ അടിപിടി ഉണ്ടാക്കിയതും വോട്ടർമാർക്കിടയിൽ ചർച്ചയായിരുന്നു.
സി.പി.ഐ ജില്ലാ കൗൺസിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇടതു പരമ്പരാഗത വോട്ടുകളും കേരള കോൺഗ്രസ് (എം) വോട്ടുകളും ചോർന്നുവെന്നാണ് കണ്ടെത്തിയതെന്ന് സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. മാണി സി. കാപ്പന്റെ ജനസമ്മതിക്കൊപ്പം സഹതാപ വോട്ടുകളും ലഭിച്ചു. 14ന് ചേരുന്ന ജില്ലാകൗൺസിൽ വിശദ ചർച്ച നടത്തുമെന്നും ശശിധരൻ വ്യക്തമാക്കി.
അതേസമയം പാലായിൽ ബി.ജെ.പി വോട്ടുകൾ വൻതോതിൽ യു.ഡി.എഫിലേക്ക് മറിഞ്ഞതാണ് മാണി സി. കാപ്പന്റെ അട്ടിമറി ജയമെന്നായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തൽ. ഇതേ നിലപാടിലായിരുന്നു ആദ്യം ജോസ് കെ. മാണിയും.