കട്ടപ്പന: പുറ്റടി സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വണ്ടൻമേട് പഞ്ചായത്ത് ഭരണസമിതി. പുറ്റടി സി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ, ഡോക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ വികസനത്തിന് തുരങ്കം വയ്ക്കുന്നതായാണ് ആക്ഷേപം. കുമളിമൂന്നാർ സംസ്ഥാനപാതയോരത്തെ പുറ്റടി സി.എച്ച്.സി.യയുടെ സ്ഥലത്ത് പഞ്ചായത്ത് നടപ്പാക്കുന്ന 'ടേക്ക് എ ബ്രേക്ക് ' പദ്ധതിക്ക് മെഡിക്കൽ ഓഫീസർ തടസം നിൽക്കുകയാണ്. ആശുപത്രിയിലെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തുമായി സഹകരിക്കുന്നില്ല. ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും എതിരെ നിലപാട് സ്വീകരിക്കുന്ന ഇവർക്കെതിരെ നടപടിയെടുക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം പുറ്റടി സി.എച്ച്.സി.യുടെ സ്ഥലത്ത് ശൗചാലയ മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നു മാറ്റണമെന്ന് കാട്ടി മെഡിക്കൽ ഓഫീസർ ഡി.എം.ഒയ്ക്ക് കത്ത് നൽകിയതോടെ നിർമാണം അനിശ്ചിതത്വത്തിലായി. കൂടാതെ ഡോക്ടർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തുമായി സഹകരിക്കുന്നില്ല. ബുധനാഴ്ചകളിൽ പഞ്ചായത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ സി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകർ ആരും പങ്കെടുക്കുന്നില്ല. ടി.പി.ആർ. 8 ശതമാനത്തിൽ താഴെ എ കാറ്റഗറിയിലായിരുന്ന പഞ്ചായത്ത്, മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ളവരുടെ അനാസ്ഥമൂലം ഇപ്പോൾ നിരക്ക് ഉയർന്ന് സി കാറ്റഗറിയിലെത്തിയതായാണ് ആക്ഷേപം. പുറ്റടി ഹോളിക്രോസ് കോളജ് കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഡി.സി.സിയിൽ മെഡിക്കൽ ഓഫീസർ ഒരിക്കൽ പോലും സന്ദർശനം നടത്തുകയോ രോഗികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. മെഡിക്കൽ ഓഫീസർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണം. സർക്കാരുമായി സഹകരിച്ച് നിലപാട് സ്വീകരിക്കുന്ന കെ.ജി.എം.ഒ.എ. എന്ന സംഘടനയെ പോലും തെറ്റിധരിപ്പിച്ചാണ് ആരോഗ്യ പ്രവർത്തകർ തെറ്റായ പ്രചരണം നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കെ. സജീവ്കുമാർ, കേരള കോൺഗ്രസ്(എം) നേതാവ് മാത്യു തോമസ് എന്നിവർ പറഞ്ഞു.