കട്ടപ്പന: പുരയിടത്തിൽ അതിക്രമിച്ചുകയറി സ്ഥലമുടമയുടെ മകനെ മർദ്ദിച്ചതായും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും പരാതി. കാഞ്ചിയാർ കൽത്തൊട്ടി ചെറ്റയിൽ ജോസ് വർഗീസിന്റെ പട്ടയഭൂമിയിലാണ് ഏതാനും പേർചേർന്ന് അതിക്രമം നടത്തിയത്. സംരക്ഷണ വേലി പൊളിച്ചുനീക്കുകയും മകൻ ജോവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായും കാട്ടി ജോസ് കട്ടപ്പന പൊലീസിൽ പരാതി നൽകി. കട്ടപ്പന സി.ഐയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് ജോവിന് നഷ്ടപരിഹാരം നൽകി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും എതിർകക്ഷികൾ സഹകരിച്ചില്ല. തുടർന്ന് സംഭവത്തിൽ കേസെടുത്തതോടെ പ്രതിഭാഗത്തുള്ള ആളുടെ നേതൃത്വത്തിൽ ജോവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ജോസ് ആരോപിച്ചു. ഭിന്നശേഷിക്കാരനായ ജോവിന് നീതി ലഭിക്കണമെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും ജോസ് ആവശ്യപ്പെട്ടു.