അടിമാലി: പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കോളേജ് വിദ്യാഭ്യാസം നടത്തുന്നതിനിടെ പഞ്ചായത്ത് അംഗമായ സനിത സജി തന്റെ വാർഡിലെ നിർദ്ധനരായ കുട്ടികൾക്കു സ്‌കോളർഷിപ് പദ്ധതിയുമായി രംഗത്ത്. അടിമാലി പഞ്ചായത്ത് പതിനാലാം വാർഡ് അംഗമായ സനിത മൂന്നാർ ഗവ. കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയാണ്. സനിതയുടെ ഈ പദ്ധതിയിലൂടെ 500 രൂപ വീതം വാർഡിലെ 30 കുട്ടികൾക്കാണ് സഹായം ലഭിക്കുക. പഞ്ചായത്ത് അംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച് ഓണറേറിയത്തിൽ നിന്ന് 1000 രൂപ വീതം മാറ്റിവച്ച 5000 രൂപയും സുമനസ്സുകളിൽ നിന്ന് ലഭിച്ച 10000 രൂപയും ചേർത്താണ് മെംബേഴ്‌സ് സ്‌കോളർഷിപ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.500 രൂപക്ക് ആനുപാതികമായ കൂപ്പണുകൾ 30 കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ നൽകിയാണ് സ്‌കോളർഷിപ്പ് പദ്ധതി പ്രാവർത്തികമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.എ രാജ എം എൽ എ നിർവ്വഹിച്ചു. സനിത സജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി ഡി ഷാജി, ചെയർപേഴ്‌സൺ റൂബി സജി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട്, സി പി ഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ്, സി പി ഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ, എം കമറുദ്ദീൻ, റ്റി കെ സുധേഷ്‌കുമാർ, പി കെ സജീവ്, എൻ ഐ ബേബി,റൂബി സജി, ജെസ്റ്റിൻ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.