പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികളുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. മാണി സി.കാപ്പൻ എം.എൽ.എയുടെ നിരന്തര ഇടപെടലുകളെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞത്.
റവന്യു വാലുവേഷൻ അസി. രാജേഷ് ജി നായർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സുരേഷ് ബാബു, റവന്യൂ ഇൻസ്‌പെക്ടർ ടി.എൻ വിനോദ്, സർവ്വേയർ ഷൈജു. കെ.ഹസൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത സ്ഥലം പൊതുമരാമത്ത് വകുപ്പിനുവേണ്ടി എഞ്ചിനീയർ അനു എം.ആർ, ഓവർസീയമാരായ അഭിലാഷ് ചന്ദ്രൻ, പ്രവീൺ വർഗീസ് എന്നിവർക്ക് കൈമാറി. തുടർന്നു കൈമാറിയ സ്ഥലം കുറ്റിയടിച്ച് പൊതുമരാമത്ത് വകുപ്പ് മാർക്കു ചെയ്തു ഏറ്റെടുത്തു. സ്ഥലമുടമകളും സന്നിഹിതരായിരുന്നു. സിവിൽ സ്റ്റേഷൻ ഭാഗത്തെ റീച്ച് ഒന്നിൽപ്പെട്ട ഭാഗമാണ് ഏറ്റെടുത്ത് കൈമാറിയത്. മരിയൻ മെഡിക്കൽ സെന്റർ ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനുള്ള അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മറ്റും ലേലം ചെയ്തു പൊളിച്ചുമാറ്റുതോടെ റോഡ് പൂർത്തീകരിക്കാനാകും. പാലാ ബൈപ്പാസ് നേരത്തെ യാഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചതിൽ ഉണ്ടായ അപാകതകളെത്തുടർന്ന് നിയമക്കുരുക്കിൽപ്പെടുകയായിരുന്നു. പിന്നീട് ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി സി.കാപ്പൻ എം.എൽ.എ ആയതോടെയാണ് തുടക്കംകുറിച്ചത്. വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പദ്ധതി 10 കോടി 10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചിരുന്നു.