കട്ടപ്പന: കുമളി ചെക്ക്‌പോസ്റ്റിലെ ആർ.ടി.ഒ, മൃഗസംരക്ഷണ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ആർ.ടി.ഒ ഓഫീസിൽ കണക്കില്ലാതെ സൂക്ഷിച്ച 4500 രൂപ പിടിച്ചെടുത്തു. പരിശോധന നടക്കുമ്പോൾ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് മദ്യവുമായി എത്തിയ യുവാവിനെയും പിടികൂടി. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ഉണ്ടയേക്കും. കോട്ടയം വിജിലൻസ് എസ്.പി. വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരമാണ് വിജിലൻസ് സംഘം ബുധനാഴ്ച രാത്രി 11.30 ഓടെ പരിശോധന നടത്തിയത്. ആർ.ടി.ഒ. ചെക്ക് പോസ്റ്റ്, എക്‌സൈസ്, മൃഗ സംരക്ഷണ വകുപ്പ് ഓഫീസുകൾ ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ആർ.ടി.ഒ. ഓഫീസിലെ അസിസ്റ്റൻഡ് ഇൻസ്‌പെക്ടറുടെ മേശ വിരിപ്പിനടയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് കൈക്കൂലി ലഭിച്ചതായി കണക്കാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 4 ഉദ്യോഗസ്ഥർ ഒരേസമയം ഹാജരകേണ്ടതാണെങ്കിലും പലപ്പോഴും ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂ. പലരും ഓഫീസിലെത്തി ഒപ്പിട്ടശേഷം മുങ്ങുകയാണ് പതിവ്.
പരിശോധന ആരംഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്ക് മദ്യവുമായി യുവാവ് ഓഫീസിലെത്തിയത്. ഇയാളുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്. 3 ഓഫീസുകളിലും നടത്തിയ പരിശോധന പുലർച്ചെ അഞ്ചര വരെ നീണ്ടു നിന്നു.
ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. വി.ആർ. രവികുമാർ, കോട്ടയം വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ സജു എസ്.ദാസ്, റെജി കുന്നിപ്പറമ്പൻ, കെ.ആർ. മനോജ്, എസ്.ഐമാരായ അനിൽകുമാർ, ബിജു കെ.ജി, സ്റ്റാൻലി തോമസ്, പി.ഇ. ഷാജി, ബിനുകുമാർ, വിജിലൻസ് ഉദ്യോഗസ്ഥരായ അനൂപ് കെ.എ, അനിൽ കെ.സോമൻ, അനൂപ് വിജേഷ്, അനൂപ് എം. എന്നിവരാണ് പരിശോധന നടത്തിയത്.
ഫീസ് വാങ്ങുന്നത് 50
രസീതിൽ 25വാഹനങ്ങളിൽ കൊണ്ടുവരുന്ന മാടുകൾക്ക് 50 രൂപ വീതം ഫീസ് വാങ്ങിയ ശേഷം 25 രൂപയുടെ രസീത് നൽകുന്നതായും കണ്ടെത്തി. രേഖകൾ പരിശോധിച്ച് വങ്ങേണ്ട ഫീസ്, പേരില്ലാതെയും സീലും പതിപ്പിക്കാതെയും തുക മാത്രം എഴുതി കൊടുത്തതിന്റെ തെളിവുകളും ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് പിഴ ഈടാക്കിയ തുകയിലും കുറവുണ്ട്. എക്‌സൈസ് ഓഫീസിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല.