എം.എം ജേക്കബിനെക്കുറിച്ചുള്ള സി.ടി രാജന്റെ ഓർമ്മക്കുറിപ്പ് വൈറൽ
പാലാ: 'ജേക്കബ്ബ് സാർ സ്വന്തം മകനെപ്പോലെ എന്നെ സ്‌നേഹിച്ചു, മറക്കില്ല സാർ, മരണമെത്തുന്ന കാലത്തോളം ....'
മുൻ ഗവർണ്ണർ എം.എം ജേക്കബിന്റെ 3ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന കോൺഗ്രസ് നേതാവ് രാമപുരം സി.ടി രാജന്റെ ഓർമ്മക്കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു.
കാൽ നൂറ്റാണ്ടോളം എം.എം ജേക്കബിന്റെ നിഴലായി നിന്ന രാമപുരം സി.ടി രാജൻ ഡി.സി.സി ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും ഓഫീസ് സെക്രട്ടറിയുമാണ്.
രാജനെഴുതിയ, ഹൃദയ സ്പർശിയായ ഓർമ്മക്കുറിപ്പിൽ നിന്നും;
'ഓർമ്മകളിൽഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വം. ജാതിമത ചിന്തകൾക്ക് അതീതമായി, രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന പച്ച മനുഷ്യൻ. ഇതൊക്കെയാണെന്റെ ജേക്കബ് സാർ. അദ്ദേഹവുമായി 25 വർഷത്തെ ആത്മബന്ധം. രാവും പകലും യാത്രകളിൽ ഒന്നിച്ച്. യാത്ര ചെയ്ത ദൂരമെത്രയെന്നറിയില്ല. പലപ്പോഴും എന്നെ ശകാരിക്കും. അത് ഏതെങ്കിലും തെറ്റ് കൊണ്ടല്ല, ഞാൻ ആഹാരം കൃത്യസമയത്ത് കഴിക്കാത്തതിന്, ഒപ്പമിരിക്കാത്തതിന് ഒക്കെയുള്ള സ്‌നേഹവഴക്ക്. എവിടെ ചെന്നാലും, എത്ര ഉന്നതരോടൊത്താണെങ്കിലു വിളിച്ച് അരികത്തിരുത്തും. അതു നിർബന്ധമാണ്. ഡൽഹിയിൽ അവസാനമായി സോണിയാ ഗാന്ധിയെ കണ്ടപ്പോഴും, രാഹുൽ ഗാന്ധിയെ കണ്ടപ്പോഴും സാറിനടുത്ത് ഒരു കസേര എനിക്ക് തന്നിരുത്തി. 'ഇത് എന്റെ സ്വന്തം രാജൻ.എനിക്ക് മകനെപ്പോലെയാണ്.എന്റെ കാര്യങ്ങൾ എന്നേക്കാൾ നിശ്ചയം ഇയാൾക്കാണ് ....' സോണിയാ ഗാന്ധിക്ക് തന്നെ പരിചയപ്പെടുത്തിയ സാറിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
മരണത്തിന്റെ തലേരാത്രിയിലും സാറിന്റെ അടുത്തു നിന്ന് ഞാൻ വീട്ടിലേക്ക് പോവമ്പോൾ പോവരുതേ എന്നു പറഞ്ഞതുപോലെ തോന്നി.... രാവിലെ ചെല്ലുമ്പോൾ ഒരിക്കലും മറക്കാൻ പറ്റില്ല നിശ് ചേതനമായ ആ കിടപ്പ്ജേക്കബ് സാറിന്റെ പുണ്യ സ്മരണകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു ..... സ്‌നേഹ സ്മരണകളോടെ അങ്ങയുടെ സ്വന്തം രാജൻ...
എം.എം. ജേക്കബിനെക്കുറിച്ചുള്ള രാമപുരം സി.ടി.രാജന്റെ വൈകാരികമായ കുറിപ്പ് ഹൃദയസ്പർശിയായിരുന്നുവെന്ന് കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളും പറയുന്നു.
സുനിൽ പാലാ
ഫോട്ടോ അടിക്കുറിപ്പ്
രാമപുരം സി .ടി . രാജൻ എം. എം. ജേക്കബ്ബിന്റെ കബറിടത്തുങ്കൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു