പാലാ വലിയ പാലത്തിന് സമീപത്തെ തെറ്രായ ദീശാ ബോർഡ് നീക്കാതെ അധികൃതർ

പാലാ: ' മുമ്പ് കൃത്യമായി ചൂണ്ടിക്കാട്ടിയതല്ലേ പി.ഡബ്ലി.യു.ഡിക്കാരെ ഈ വിഷയം ....? നിങ്ങൾ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നലെ പുലർച്ചെ ഈ അപകടമുണ്ടാകുമായിരുന്നോ....? ഇനിയെങ്കിലും ആലോചിക്കുക. ഇന്നലെ പുലർച്ചെ പാലാ പൊൻകുന്നം റൂട്ടിൽ പാലാ വലിയ പാലത്തോടു ചേർന്നുള്ള ട്രാഫിക് മെറിഡിയനിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി. ഇവിടെയുള്ള സൈൻ ബോർഡും മരങ്ങളും തകർത്താണ് വാൻ നിന്നത്. കൂറ്റൻ സൈൻ ബോർഡ്, അനുയോജ്യമല്ലാത്ത സ്ഥലത്ത് സ്ഥാപിച്ച് പി.ഡബ്ലി.യു.ഡി അധികൃതർ യാത്രക്കാർക്ക് അപകടവഴി കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാലാ-പൊൻകുന്നം റൂട്ടിൽ വലിയ പാലത്തിൽ നിന്ന് 200 മീറ്റർ അപ്പുറത്ത് കെ.എസ്.ടി.പി യും പി.ഡബ്ലി.യു.ഡിയും ചേർന്ന സ്ഥാപിച്ച സൈൻ ബോർഡാണ് അപകടത്തിലേക്കുള്ള കൈചൂണ്ടിയാവുന്നത്. പൊൻകുന്നം ഭാഗത്തുനിന്ന് വരുന്ന വാഹനയാത്രക്കാരെ സഹായിക്കാനാണ് സൈൻബോർഡ് എന്നാണ് അധികാരികളുടെ ഭാഷ്യം. പാലാ വലിയപാലത്തിനും പുതിയപാലത്തിനും അതിരിടുന്ന റോഡിന് നടുവിലുള്ള ട്രാഫിക് മെറിഡിയന്റെ സമീപത്താണ് ബോർഡ്. കൂറ്റൻ ബോർഡിൽ പാലായ്ക്കും ഈരാറ്റുപേട്ടയ്ക്കും തൊടുപുഴയ്ക്കും വലത്തേയ്ക്കുള്ള സൂചനയും കോട്ടയത്തേക്ക് ഇടത്തോട്ടുള്ള സൂചനയും രേഖപ്പെടുത്തിയിരിക്കുന്നു. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ വലിയപാലം കടക്കുംമുമ്പേ തന്നെ ബോർഡ് കണ്ട് പെട്ടെന്ന് വലത്തേക്ക് വാഹനം വെട്ടിക്കും. ഇതോടെ പാലായിൽ നിന്ന് വലിയപാലത്തിലെ വൺവേയിലൂടെ പൊൻകുന്നം റൂട്ടിലേക്ക് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്. കൂറ്റൻ സൈൻബോർഡ് യഥാർഥത്തിൽ വലിയപാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നയിടത്തോ ജനറലാശുപത്രി ജംഗ്ഷനിലോ ആണ് സ്ഥാപിക്കേണ്ടിയിരുന്നതെന്നും സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം

വലിയ പാലത്തിനു സമീപത്തെ അപകടക്കെണിക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൻ ആവശ്യപ്പെട്ടു. തെറ്റായ സൈൻ ബോർഡ് ഉടൻ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോട്ടോ അടിക്കുറിപ്പ്

ഇന്നലെ പാലാ പൊൻകുന്നം റൂട്ടിൽ വലിയ പാലത്തിനു സമീപമുള്ള ട്രാഫിക് മെറിഡിയനിലേക്ക് ഇടിച്ചു കയറിയ പിക്കപ്പ് വാൻ